ഘോഷയാത്ര

സംമ്പ്രീത

ശവഘോഷയാത്ര പോകുന്നു.
മൃതിയേത്? മുഖമേത്? ബന്ധുക്കളേതെന്നു
വെറുതേ തിരക്കുന്നതാരോ?
മിഴികൾ മയങ്ങിക്കിടന്നു ഞാൻ നോക്കവേ
ദൂരങ്ങൾ പിന്നിലോടുന്നു
ശവഘോഷയാത്ര പോകുന്നു…………

ആരോകുഴിച്ച മണ്ണടരിലേക്കിന്നു ഞാ-
നീയാത്ര കണ്ടു നീങ്ങുന്നു …….
ഈ പെട്ടിയിൽ നറുംകൈതമണക്കുന്നു…….
കോടിക്കിനാവു പൂക്കുന്നു……

ആരുടെ ചുമൽ വലിക്കുന്നിതെൻ ഭാരം
ആരുടെ വിലാപമാ വേർപ്പിലലിയുന്നു
ഏതു പൂവിൻ ഗന്ധമിപ്പോഴും വറ്റാതെ
നാസികയിലെത്തിനോക്കുന്നു…….
ഏതഗ്നിപർവതം നീർപ്പോയ്ക, വീഥിയിൽ
ഏതിൽ  ജീവന്റെ ബന്ധം?
ഏതെൻ മരത്തണൽ ഞാനെന്റെ ചിന്തയെ
വേറിട്ടു കാവൽകിടന്ന മാടം?
പോകുമ്പൊഴെന്തേ തിരിഞ്ഞുനോക്കാനെന്റെ
ദേഹം വൃഥാ മടിക്കുന്നു?
പോയദൂരങ്ങളെത്തേടാതെ കണ്ണുകൾ
പൂർണവുമടഞ്ഞുനിൽക്കുന്നു……….
ഒട്ടും വിശക്കാത്ത യാത്രയിലാരൊരാൾ
എട്ടണ നീട്ടിയെറിയുന്നു………
എത്തിപിടിക്കാതെ കൈകളെപ്പെട്ടെന്നൊ-
രച്ചടക്കം വിളിക്കുന്നു…….

കൊട്ടും, നിലയ്ക്കാത്ത
നൃത്തവും ചേർത്തെത്ര
ബന്ധുക്കളിന്നീ നിരത്തിൽ
പൂജിക്കുവാനെത്ര കൈകളാണീദിനം,
ഹാ മൃതൻ! ഭാഗ്യവാനീ ഞാൻ…….

***

To read the English Translation of the poem :

http://www.akshra.org/the-procession/

AKSHRA
error: Content is protected !!