ജയിൽ മുററത്തെ പൂക്കൾ

എന്നെ ജയില്വാസത്തിനു വിധിച്ചു.

ജീവപര്യന്തം വിധിക്കപ്പെട്ട

നാലുപേരായിരുന്നു സെല്ലിൽ.

അരുതാത്ത കൂട്ടുകെട്ടിനും

മറവിയുടെ ലഹരി കുടിച്ചതിനും

താഴ്വരകളിൽ പോരാടുന്നവരെ

മലമുകളിൽ നിന്നു കണ്ടതിനും

സഹജരെ നല്ലപാതയിലേക്കു നയിച്ചതിനുമായിരുന്നു

എനിക്കു ശിക്ഷ.

 

സെല്ലിൽ അല്പനാളുകൾ മാത്രം

വാസമനുഭവിക്കേണ്ട എന്നെ

അവർ അവജ്ഞയോടെ നോക്കി.

ദംഷ്ട്രങ്ങളാൽ

അലറാതെ ചിരിച്ചു.

ജയിൽവാസമനുഭവിക്കാൻ വന്നിരിക്കുന്നു ഒരുത്തൻ

എന്നായിരുന്നു പുച്ഛഭാവത്തിന്റെ അർത്ഥം.

സെല്ലിൽ സുഖവാസമാകാമെന്ന എന്റെ അജ്ഞതയിൽ

കറുത്ത മതിലുകളും കാക്കികുപ്പായങ്ങളും

എന്നെ വിഡ്ഡിയായ് കണ്ടു.

 

ഇന്ത്യയെ കണ്ടെത്തലും

ഒരച്ഛൻ മകൾക്കെഴുതിയ കത്തുകളും

ജയിലിൽ വെച്ചെഴുതിയ ഡയറിക്കുറുപ്പുകളും

എന്നെ അങ്ങിനെ ധരിപ്പിച്ചിരുന്നു.

തിന്നുന്ന ഗോതമ്പിന്

പുള്ളികൾ പണിയെടുക്കണം.

ക്ഷുരകന് ക്ഷുരകന്റെ ജോലി

തുന്നൽക്കരന് തുന്നൽ

എനിക്ക് എഴുതാനും വായിക്കാനുമുള്ള

പണിതരുമെന്ന് കരുതി.

കിട്ടിയത് ചെടികൾക്ക് വെള്ളം തേകാനുള്ള കല്പന.

മസൂരിയുടെ ഗന്ധം തരുന്ന ജമന്തിക്ക്

കത്തുന്ന ചെത്തിക്ക്

ചെമ്പരത്തിക്ക്

കനകാംബരത്തിന്

കറുകയ്ക്ക്…….

ആരും കാണാതെ നുള്ളാതെ

റോസിന് ഒരുമ്മ കൊടുത്തു.

അഴികളിലൂടെ നോക്കിയാൽ

നിലാവത്തു ചിരിക്കും

വെളുത്ത മൊസാന്റ.

 

എല്ലചെടികൾക്കും വെള്ളം തേകി.

സൂര്യകാന്തിയിൽനിന്ന് ആരും കാണാതെ

ഒരു വിത്തെടുത്ത്

വിളയേണ്ടിടത്തിട്ടു.

അതിനു വെള്ളം തേകി.

വിത്ത് പൊട്ടിയോയെന്ന് എന്നും നോക്കി.

മോചിതനാകേണ്ട നാൾ വന്നു.

എന്റെ പേർ വിളിക്കപ്പെട്ടു.

ചെടികൾ കാററത്താടി.

എല്ലാ പൂക്കളും എന്നെ നോക്കി.

ഹായ്

എന്റെ സൂര്യകാന്തിയുടെ വിത്തു പൊട്ടി

***

To read the English translation of this poem:  http://www.akshra.org/?p=3043&preview=true

AKSHRA
error: Content is protected !!