പഠിക്കാനുള്ള കഴിവ്

Dr.H.parameswaran

പ്രതിവര്‍ഷം വിദ്യാര്‍ഥികളേയും അദ്ധ്യാപകരെയും പിഴിഞ്ഞെടുത്ത് നല്ല റിസല്‍റ്റ് നേടിയെടുക്കുന്നതില്‍ നിര്‍ബന്ധമുള്ള ഒരു പ്രൈവറ്റ് വിദ്യാലയം. അവിടത്തെ പ്രധാനാദ്ധ്യാപകന്‍റെ മുന്നില്‍ കൂപ്പിയ കൈകളോടെ നില്‍ക്കുന്ന മുനിയനെയും എല്ലമ്മയെയും അടുത്തുന്നെ ഒട്ടി നിന്നിരുന്ന മണിയെയും തലയുയര്‍ത്തി നോക്കുകയായിരുന്നു പ്രധാനാദ്ധ്യാപകന്‍

“തിരുമേനി! ഞങ്ങള്‍ രണ്ടുപേരും ഇവിടത്തെ കാര്‍പ്പറേഷനിലെ തെരുവുകള്‍ വൃത്തിയാക്കുന്ന തൊഴിലാളികളാണ്. രണ്ടുപേരും സ്കൂള്‍വിദ്യാഭ്യാസം ഇല്ലാത്തവരാണ്. മകനെങ്കിലും നല്ല വിദ്യാഭ്യാസം നല്‍കണം എന്നതാണ്‍ ഞങ്ങളുടെ ആഗ്രഹം. അങ്ങയുടെ ഈ സ്കൂളില്‍ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസമാണ് നല്കുന്നത് എന്ന് പറഞ്ഞു കേള്‍ക്കുന്നു. അതുകൊണ്ട് ഈ സ്കൂളില്‍ത്തന്നെ പഠിപ്പിച്ചുകളയാം എന്നതാണ് ഞങ്ങളുടെ മോഹം. അതിനായി അവനെയും കൂട്ടി  വന്നിരിക്കുകയാണ് ഞങ്ങള്‍. ഞങ്ങളോട് ദയവു തോന്നി ഇവന് ഇവിടത്തന്നെ പ്രവേശനം നല്‍കണമേന്നപേക്ഷിക്കുകയാണ്.

ഇത്രയും കേട്ട പ്രധാനാദ്ധ്യാപകന്‍റെ ചുണ്ടില്‍ ഉപേക്ഷനിറഞ്ഞ ഒരു പുഞ്ചിരി വിടര്‍ന്നു. അദ്ദേഹം പറഞ്ഞു “ഈ നഗരത്തിലെ ഏറ്റവും നല്ല സ്കൂളാണെന്ന്‍ പേരെടുത്തുള്ള ഈ സ്കൂളില്‍ കാര്‍പ്പറേഷനിലെ തൂപ്പുകാരായ നിങ്ങളുടെ മകന് പ്രവേശനമോ? ഇവിടെ പ്രവേശനം ലഭിക്കണമെങ്കില്‍ കുട്ടിയുടെ അച്ഛനമ്മമാര്‍ ബിരുദധാരികളായിരിക്കണം. നിങ്ങള്‍ ഒട്ടും വിദ്യാഭ്യാസമില്ലാത്തവരാണ്. അതുകൊണ്ട് മകനെ ഒരു തരത്തിലും സഹായിക്കുവാനാവുകയില്ല.

 

ഉടന്‍ തന്നെ മുനിയന്‍ പറഞ്ഞു – “ഞാന്‍ എന്‍റെ മകന്‍റെ കാര്യമല്ലേ പറഞ്ഞത് ! അവനെയല്ലേ പഠിപ്പിക്കേണ്ടത്! അതിന്‍ ഞങ്ങള്‍ പഠിച്ചിരിക്കണമെന്നെന്തിനാണ് പറയുന്നത്? ഞങ്ങള്‍ രണ്ടുപേരും നല്ലപോലെ പണിയെടുത്ത് പൈസ ഉണ്ടാക്കുന്നു. അവന്‍റെ ഫീസ് കൃത്യമായി അടച്ചുകൊണ്ടിരിക്കും.”

“ഞാന്‍ ഫീസിനെക്കുറിച്ചല്ല പറയുന്നത്. ഇവിടെ കൊടുക്കുന്ന ഗൃഹപാഠങ്ങള്‍ മനസ്സിലാക്കി അവന്‍ പറഞ്ഞുകൊടുക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുകയില്ലല്ലോ ?”

ഉടന്‍തന്നെ മുനിയന്‍ തിരിച്ചടിക്കുകയാണ് “ ഞങ്ങളുടെ കാശ് വാങ്ങിക്കൊണ്ട് നിങ്ങളല്ലേ പഠിപ്പിക്കാന്‍ പോകുന്നത്. ഞങ്ങളെന്തു പഠിപ്പിക്കാനാണ്? ഞങ്ങള്‍ ഫീസടയ്ക്കുന്നത് അതിനാണല്ലോ!’

മുനിയന്‍റെ എളിയ, ന്യായമായ ചോദ്യത്തിനു മുന്നില്‍ പ്രധാനാദ്ധ്യാപകന്‍റെ വായടഞ്ഞു പോയി. അല്‍പ സമയത്തിനുശേഷം അദ്ദേഹം പറഞ്ഞു – “ ഞാന്‍ അതല്ല പറഞ്ഞു വന്നത് വീട്ടിലിരുന്നു പഠിക്കുമ്പോള്‍ അവന് എന്തെങ്കിലും സംശയം തോന്നിയാല്‍ അവനെ സഹായിക്കുവാന്‍ അച്ഛനമ്മമാര്‍ക്ക് അത് പറഞ്ഞുകൊടുക്കുവാനുള്ള വിദ്യാഭ്യാസം വേണ്ടേ ?”

“അതെല്ലാം എന്‍റെ മകന്‍ സ്കൂളിലെ ടീച്ചറന്മാരോടു ചോദിച്ചു മനസ്സിലാക്കിക്കൊള്ളും.”

“ടീച്ചറോട് നേരിട്ട് ചോദിച്ചു മനസ്സിലാക്കണമെങ്കില്‍ പ്രത്യേകം ട്യൂഷന്‍ വയ്ക്കേണ്ടി വരും. എങ്കിലേ അവന് എല്ലാ പാഠങ്ങളും പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിയൂ. അതിന് പ്രത്യേകം ഫീസുകൊടുക്കണം.”

“സ്കൂളില്‍ നിങ്ങള്‍ കൊടുക്കുന്ന പാഠപുസ്തകങ്ങളിലെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സ്കൂളില്‍ ഫീസു വാങ്ങുന്നുണ്ടല്ലോ ! അതും കഴിഞ്ഞിട്ട് പ്രത്യേകം ഫീസു വാങ്ങുന്നതെന്തിനാണ്?”

മുനിയന്‍ ചോദിക്കുന്ന ചോദ്യം …. ! നല്ല ചൂടുള്ള യഥാര്‍ത്ഥങ്ങളല്ലേ ! പ്രധാനാദ്ധ്യാപകന്‍റെ അടുക്കല്‍ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല. ആ പ്രധാനാദ്ധ്യാപകന്‍ വിദ്യാഭ്യാസത്തെ കാശിനു വില്‍ക്കുന്ന ഒരു വ്യാപാര സ്ഥാപനത്തിന്‍റെ പണിക്കാരന്‍ മാത്രമല്ലേ ?

“എല്ലാം ശരിതന്നെ. പക്ഷെ നിന്‍റെ മകനെ ഈ സ്കൂളില്‍ ചേര്‍ക്കാന്‍ കഴിയുകയില്ല. അത്രതന്നെ! ഒരുപക്ഷെ നിന്‍റെ മകന്‍ ശരിക്ക് പഠിക്കാതെ പത്താം ക്ലാസില്‍ തോറ്റുപോയാല്‍ എന്‍റെ സ്കൂളിന്‍റെ പേരിനു ദോഷം വരികയില്ലേ ! അതുകൊണ്ട് നീ മകനെ വേറെതെങ്കിലും സ്കൂളില്‍ കൊണ്ടുപോയി ചേര്‍ത്തു കൊള്ളൂ.”

പ്രധാനാദ്ധ്യാപകന്‍റെ ഈ ഉറച്ച മറുപടി കേട്ടപ്പോള്‍ മകന് ഉയര്‍ന്ന നിലയിലുള്ള സ്കൂളില്‍ വിദ്യാഭ്യാസം നല്‍കണമെന്ന മുനിയന്‍റെയും എല്ലമമയുടെയും സ്വപ്നം തകര്‍ന്നുപോയി. അവര്‍ വളരെ ദു:ഖത്തോടെ ആ സ്കൂള്‍ വിട്ടു പോയി.

പക്ഷെ അതേ സമയത്ത് അവിടെ നടന്ന സംഭാഷണങ്ങളെല്ലാം ശ്രദ്ധിച്ചു കേട്ടുകൊണ്ടിരുന്ന അഞ്ചുവയസ്സ് മാത്രം പ്രായമായ മണിയുടെ ആ പിഞ്ചുഹൃദയത്തില്‍ ഒരു സ്വപ്നം രൂപമെടുത്തതിനെക്കുറിച്ച് ആ പ്രധാനാദ്ധ്യാപകനോ മാതാപിതാക്കളോ മനസ്സിലാക്കിയിരുന്നില്ല.

*********                                                                              **********                                                            **********

അങ്ങനെ പത്ത് വര്‍ഷങ്ങള്‍ ഉരുണ്ടു പോയി.

അന്ന്‍ പത്താം ക്ലാസിലെ പരീക്ഷാഫലം പുറത്തുവന്നു. സര്‍ക്കാര്‍ ഹൈസ്കൂളില്‍ പത്താം ക്ലാസ് പരീക്ഷയെഴുതിയ മണി എന്നൊരു വിദ്യാര്‍ത്ഥി ആ രാജ്യത്തു തന്നെ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയിരുന്നു. മുനിയനും എല്ലമ്മയും അന്നനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ ! ടീവിയില്‍ അവന്‍റെ അഭിമുഖ സംഭാഷണം പ്രക്ഷേപണം ചെയ്തുകൊണ്ടിരുന്നു. മണി അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞുകൊണ്ടിരുന്നു “എന്‍റെ മാതാപിതാക്കളും അദ്ധ്യാപകരുമാണ് ഈ പരീക്ഷയില്‍ എന്‍റെ ഈ വിജയത്തിന് പ്രധാനകാരണകര്‍ത്താക്കള്‍. അവര്‍ക്കാണ് ആദ്യമായി ഞാന്‍ നന്ദി പറയേണ്ടത്. ഇനി ഒരു വ്യക്തിയോടും കൂടി ഞാന്‍ എന്‍റെ കടപ്പാടു വ്യക്തമാക്കാനാഗ്രഹിക്കുന്നു. അത് ആ പ്രൈവറ്റ് സ്കൂളിന്‍റെ ഹെഡ്മാസ്റ്റര്‍ക്കാണ്. എന്‍റെ അച്ഛനമ്മമാര്‍ വിദ്യാഭ്യാസമില്ലാത്തവരായിരുന്നതുകൊണ്ട് അദ്ദേഹം എനിക്ക് ആ സ്കൂളില്‍ പ്രവേശനം നല്‍കിയില്ല. അതുകൊണ്ട് സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ച് രാജ്യത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

മാത്രമല്ല ഞാന്‍ പഠിക്കുന്നതോടൊപ്പം എന്‍റെ അച്ഛനും അമ്മയും എഴുത്തു മുതല്‍ തുടങ്ങി ക്രമമായി പത്താം ക്ലാസുവരെ പഠിക്കുകയുണ്ടായി. ഇതിനിടയില്‍ അവര്‍ക്കും എല്ലാ പരീക്ഷകളും എഴുതി പാസാകുവാനുള്ള സൗകര്യം ഞാന്‍ ഒരുക്കിക്കൊടുത്തുകൊണ്ടിരുന്നു. അവര്‍ക്ക് പത്താം ക്ലാസ് പരീക്ഷ പ്രൈവറ്റായി എഴുതുവാനുള്ള അനുവാദം വാങ്ങി. അങ്ങനെ അദ്ദേഹം കാരണം ഞാന്‍ സര്‍ക്കാര്‍ സ്കൂളില്‍ നിന്നും എന്‍റെ മാതാപിതാക്കള്‍ പ്രൈവറ്റായും പത്താം ക്ലാസ് പാസായി”. എന്നു പറഞ്ഞു

മണി പറഞ്ഞ കാര്യങ്ങളെല്ലാം ടി.വിയില്‍ കണ്ടും കേട്ടും കൊണ്ടുമിരുന്ന ആ പ്രശസ്ത പ്രൈവറ്റ് സ്കൂളിന്‍റെ പ്രധാനാദ്ധ്യാപകന്‍റെ മനസ്സ് തകര്‍ന്നുപോയി. അതിന് രണ്ടു കാരണങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന്‍ ഇത്രയും നല്ല വിദ്യാര്‍ത്ഥിക്ക് തന്‍റെ സ്കൂളില്‍ പ്രവേശനം നല്‍കാത്തതുകൊണ്ട്‌ രാജ്യത്തിലെ ഒന്നാം സമ്മാനം സ്കൂളിന് നഷ്ടപ്പെട്ടു. രണ്ടാമത് ആ പ്രശസ്ത സ്കൂളിലെ ഒരു വിദ്യാര്‍ത്ഥി ഈ വര്‍ഷത്തെ പത്താം ക്ലാസു പരീക്ഷയില്‍ തോറ്റിരുന്നു .

നന്ദി വിജയഭാരതം തമിഴ് വാരിക

തമിഴില്‍  ശ്രീ കേ.പി. പദ്മനാഭന്‍

വിവര്‍ത്തനം ഡാ. എച്ച് പരമേശ്വരന്‍

തിരുവനന്തപുരം

 

 

 

 

 

 

 

 

 

 

AKSHRA
error: Content is protected !!