പൈതലിന്റെ ചിരി

                                                                                                                                                                                                                                                  വി. മധുസൂദനൻ നായർ.

എനിക്കു സ്വാതന്ത്ര്യമുണ്ടെന്തിനും, വൻ മേടകൾ

പണിയിക്കുവാൻ, തീനും കുടിയും മേളിക്കുവാൻ,

പുഴകൾ വിൽക്കാൻ, മലതോണ്ടുവാൻ, കണ്ണീരിന്റെ

പ്രളയം സ്രിഷ്ടി,ച്ചതിൽനിന്നു മീൻപിടിക്കുവാൻ

ആണുപെണ്ണിനും പ്ണ്ണിനാണുമെന്നുമേ വൈരി–

യാണെന്നു പഠിപ്പിക്കാൻ, മർത്ത്യരെഭിന്നിപ്പിക്കാൻ,

അന്യവേർപ്പിനാൽ മദ്യം വാറ്റുവാൻ, ദൈവത്തിന്റെ

ധന്യത ധനംകൊണ്ടു മാത്രമെന്നുറപ്പിക്കാൻ.

എനിക്കു സ്വാതന്ത്ര്യമുണ്ടെന്തിനും, കഥയെന്തും

തനിക്കു ചേരുംവണ്ണം തിരുത്തിയുറപ്പിക്കാൻ,

കപടങ്ങളെസ്സത്യമാക്കുവാൻ, അശക്തന്റെ

കനവിൽ, വാക്കിൽ മന്ദവിഷമാധുര്യം ചേർക്കാൻ

മതമേ തരം ഉള്ളിൽ, പുറമേ മതേതരം

വധമേ ലക്ഷ്യം, ചുണ്ടിൽ ജീവകാരുണ്യം വശ്യം,

ഞാൻ കല്പിച്ചുണ്ടാക്കിയ നിഴൽ ദൈവങ്ങൾ മായാ-

സങ്കുലയുദ്ധത്തിനാൽ സ്വാതന്ത്ര്യം തിരുത്തുന്നു.

ഏന്റെയീ സ്വാതന്ത്ര്യത്തിൻ ഘോഷയാത്രയെ ബുദ്ധി-

പ്പന്തവും വഹിച്ചു ഞാൻ നയിച്ചു മുന്നേറവേ

വടിയും കുത്തിപ്പിടിച്ചൊരുവൻ നിൽക്കുന്നല്ലോ

വഴിവക്കിലെത്തൂണായി, ചുറ്റിനും പിച്ചക്കാരും.

ഓ! വന്നുവെന്നോ ഗാന്ധിജയന്തി, എന്നോ പണ്ടേ-

ഒന്നര നൂറ്റാണ്ടായൊരഹിംസാവ്രതശാന്തി,

ചൂലെടുക്കാം, ഈ ഗാന്ധിപ്രതിമ ശുചിയാക്കാം

മാലകൾ ചാർത്താം, ഖാദി, ചുവപ്പ്, പച്ച, കാവി

കാലമേ മാറി, മാറ്റി സ്വാതന്ത്ര്യസങ്കല്പവും

കോലുമാറ്റിയാക്കൈയിൽ വെയ്ക്കാമീ മൂർച്ചക്കത്തി

എന്ത്? ജീർണമീഗാന്ധിശില്പത്തിൻ പിന്നിൽനിന്നും

പൊന്തുവെന്നോ ധീരനൊരു പൈതലിൻ ചിരി

To read the English translation of the poem :

AKSHRA
error: Content is protected !!