പഠിക്കാനുള്ള കഴിവ്

Dr.H.parameswaran

പ്രതിവര്‍ഷം വിദ്യാര്‍ഥികളേയും അദ്ധ്യാപകരെയും പിഴിഞ്ഞെടുത്ത് നല്ല റിസല്‍റ്റ് നേടിയെടുക്കുന്നതില്‍ നിര്‍ബന്ധമുള്ള ഒരു പ്രൈവറ്റ് വിദ്യാലയം. അവിടത്തെ പ്രധാനാദ്ധ്യാപകന്‍റെ മുന്നില്‍ കൂപ്പിയ കൈകളോടെ നില്‍ക്കുന്ന മുനിയനെയും എല്ലമ്മയെയും അടുത്തുന്നെ ഒട്ടി നിന്നിരുന്ന മണിയെയും തലയുയര്‍ത്തി നോക്കുകയായിരുന്നു പ്രധാനാദ്ധ്യാപകന്‍

“തിരുമേനി! ഞങ്ങള്‍ രണ്ടുപേരും ഇവിടത്തെ കാര്‍പ്പറേഷനിലെ തെരുവുകള്‍ വൃത്തിയാക്കുന്ന തൊഴിലാളികളാണ്. രണ്ടുപേരും സ്കൂള്‍വിദ്യാഭ്യാസം ഇല്ലാത്തവരാണ്. മകനെങ്കിലും നല്ല വിദ്യാഭ്യാസം നല്‍കണം എന്നതാണ്‍ ഞങ്ങളുടെ ആഗ്രഹം. അങ്ങയുടെ ഈ സ്കൂളില്‍ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസമാണ് നല്കുന്നത് എന്ന് പറഞ്ഞു കേള്‍ക്കുന്നു. അതുകൊണ്ട് ഈ സ്കൂളില്‍ത്തന്നെ പഠിപ്പിച്ചുകളയാം എന്നതാണ് ഞങ്ങളുടെ മോഹം. അതിനായി അവനെയും കൂട്ടി  വന്നിരിക്കുകയാണ് ഞങ്ങള്‍. ഞങ്ങളോട് ദയവു തോന്നി ഇവന് ഇവിടത്തന്നെ പ്രവേശനം നല്‍കണമേന്നപേക്ഷിക്കുകയാണ്.

ഇത്രയും കേട്ട പ്രധാനാദ്ധ്യാപകന്‍റെ ചുണ്ടില്‍ ഉപേക്ഷനിറഞ്ഞ ഒരു പുഞ്ചിരി വിടര്‍ന്നു. അദ്ദേഹം പറഞ്ഞു “ഈ നഗരത്തിലെ ഏറ്റവും നല്ല സ്കൂളാണെന്ന്‍ പേരെടുത്തുള്ള ഈ സ്കൂളില്‍ കാര്‍പ്പറേഷനിലെ തൂപ്പുകാരായ നിങ്ങളുടെ മകന് പ്രവേശനമോ? ഇവിടെ പ്രവേശനം ലഭിക്കണമെങ്കില്‍ കുട്ടിയുടെ അച്ഛനമ്മമാര്‍ ബിരുദധാരികളായിരിക്കണം. നിങ്ങള്‍ ഒട്ടും വിദ്യാഭ്യാസമില്ലാത്തവരാണ്. അതുകൊണ്ട് മകനെ ഒരു തരത്തിലും സഹായിക്കുവാനാവുകയില്ല.

 

ഉടന്‍ തന്നെ മുനിയന്‍ പറഞ്ഞു – “ഞാന്‍ എന്‍റെ മകന്‍റെ കാര്യമല്ലേ പറഞ്ഞത് ! അവനെയല്ലേ പഠിപ്പിക്കേണ്ടത്! അതിന്‍ ഞങ്ങള്‍ പഠിച്ചിരിക്കണമെന്നെന്തിനാണ് പറയുന്നത്? ഞങ്ങള്‍ രണ്ടുപേരും നല്ലപോലെ പണിയെടുത്ത് പൈസ ഉണ്ടാക്കുന്നു. അവന്‍റെ ഫീസ് കൃത്യമായി അടച്ചുകൊണ്ടിരിക്കും.”

“ഞാന്‍ ഫീസിനെക്കുറിച്ചല്ല പറയുന്നത്. ഇവിടെ കൊടുക്കുന്ന ഗൃഹപാഠങ്ങള്‍ മനസ്സിലാക്കി അവന്‍ പറഞ്ഞുകൊടുക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുകയില്ലല്ലോ ?”

ഉടന്‍തന്നെ മുനിയന്‍ തിരിച്ചടിക്കുകയാണ് “ ഞങ്ങളുടെ കാശ് വാങ്ങിക്കൊണ്ട് നിങ്ങളല്ലേ പഠിപ്പിക്കാന്‍ പോകുന്നത്. ഞങ്ങളെന്തു പഠിപ്പിക്കാനാണ്? ഞങ്ങള്‍ ഫീസടയ്ക്കുന്നത് അതിനാണല്ലോ!’

മുനിയന്‍റെ എളിയ, ന്യായമായ ചോദ്യത്തിനു മുന്നില്‍ പ്രധാനാദ്ധ്യാപകന്‍റെ വായടഞ്ഞു പോയി. അല്‍പ സമയത്തിനുശേഷം അദ്ദേഹം പറഞ്ഞു – “ ഞാന്‍ അതല്ല പറഞ്ഞു വന്നത് വീട്ടിലിരുന്നു പഠിക്കുമ്പോള്‍ അവന് എന്തെങ്കിലും സംശയം തോന്നിയാല്‍ അവനെ സഹായിക്കുവാന്‍ അച്ഛനമ്മമാര്‍ക്ക് അത് പറഞ്ഞുകൊടുക്കുവാനുള്ള വിദ്യാഭ്യാസം വേണ്ടേ ?”

“അതെല്ലാം എന്‍റെ മകന്‍ സ്കൂളിലെ ടീച്ചറന്മാരോടു ചോദിച്ചു മനസ്സിലാക്കിക്കൊള്ളും.”

“ടീച്ചറോട് നേരിട്ട് ചോദിച്ചു മനസ്സിലാക്കണമെങ്കില്‍ പ്രത്യേകം ട്യൂഷന്‍ വയ്ക്കേണ്ടി വരും. എങ്കിലേ അവന് എല്ലാ പാഠങ്ങളും പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിയൂ. അതിന് പ്രത്യേകം ഫീസുകൊടുക്കണം.”

“സ്കൂളില്‍ നിങ്ങള്‍ കൊടുക്കുന്ന പാഠപുസ്തകങ്ങളിലെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സ്കൂളില്‍ ഫീസു വാങ്ങുന്നുണ്ടല്ലോ ! അതും കഴിഞ്ഞിട്ട് പ്രത്യേകം ഫീസു വാങ്ങുന്നതെന്തിനാണ്?”

മുനിയന്‍ ചോദിക്കുന്ന ചോദ്യം …. ! നല്ല ചൂടുള്ള യഥാര്‍ത്ഥങ്ങളല്ലേ ! പ്രധാനാദ്ധ്യാപകന്‍റെ അടുക്കല്‍ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല. ആ പ്രധാനാദ്ധ്യാപകന്‍ വിദ്യാഭ്യാസത്തെ കാശിനു വില്‍ക്കുന്ന ഒരു വ്യാപാര സ്ഥാപനത്തിന്‍റെ പണിക്കാരന്‍ മാത്രമല്ലേ ?

“എല്ലാം ശരിതന്നെ. പക്ഷെ നിന്‍റെ മകനെ ഈ സ്കൂളില്‍ ചേര്‍ക്കാന്‍ കഴിയുകയില്ല. അത്രതന്നെ! ഒരുപക്ഷെ നിന്‍റെ മകന്‍ ശരിക്ക് പഠിക്കാതെ പത്താം ക്ലാസില്‍ തോറ്റുപോയാല്‍ എന്‍റെ സ്കൂളിന്‍റെ പേരിനു ദോഷം വരികയില്ലേ ! അതുകൊണ്ട് നീ മകനെ വേറെതെങ്കിലും സ്കൂളില്‍ കൊണ്ടുപോയി ചേര്‍ത്തു കൊള്ളൂ.”

പ്രധാനാദ്ധ്യാപകന്‍റെ ഈ ഉറച്ച മറുപടി കേട്ടപ്പോള്‍ മകന് ഉയര്‍ന്ന നിലയിലുള്ള സ്കൂളില്‍ വിദ്യാഭ്യാസം നല്‍കണമെന്ന മുനിയന്‍റെയും എല്ലമമയുടെയും സ്വപ്നം തകര്‍ന്നുപോയി. അവര്‍ വളരെ ദു:ഖത്തോടെ ആ സ്കൂള്‍ വിട്ടു പോയി.

പക്ഷെ അതേ സമയത്ത് അവിടെ നടന്ന സംഭാഷണങ്ങളെല്ലാം ശ്രദ്ധിച്ചു കേട്ടുകൊണ്ടിരുന്ന അഞ്ചുവയസ്സ് മാത്രം പ്രായമായ മണിയുടെ ആ പിഞ്ചുഹൃദയത്തില്‍ ഒരു സ്വപ്നം രൂപമെടുത്തതിനെക്കുറിച്ച് ആ പ്രധാനാദ്ധ്യാപകനോ മാതാപിതാക്കളോ മനസ്സിലാക്കിയിരുന്നില്ല.

*********                                                                              **********                                                            **********

അങ്ങനെ പത്ത് വര്‍ഷങ്ങള്‍ ഉരുണ്ടു പോയി.

അന്ന്‍ പത്താം ക്ലാസിലെ പരീക്ഷാഫലം പുറത്തുവന്നു. സര്‍ക്കാര്‍ ഹൈസ്കൂളില്‍ പത്താം ക്ലാസ് പരീക്ഷയെഴുതിയ മണി എന്നൊരു വിദ്യാര്‍ത്ഥി ആ രാജ്യത്തു തന്നെ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയിരുന്നു. മുനിയനും എല്ലമ്മയും അന്നനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ ! ടീവിയില്‍ അവന്‍റെ അഭിമുഖ സംഭാഷണം പ്രക്ഷേപണം ചെയ്തുകൊണ്ടിരുന്നു. മണി അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞുകൊണ്ടിരുന്നു “എന്‍റെ മാതാപിതാക്കളും അദ്ധ്യാപകരുമാണ് ഈ പരീക്ഷയില്‍ എന്‍റെ ഈ വിജയത്തിന് പ്രധാനകാരണകര്‍ത്താക്കള്‍. അവര്‍ക്കാണ് ആദ്യമായി ഞാന്‍ നന്ദി പറയേണ്ടത്. ഇനി ഒരു വ്യക്തിയോടും കൂടി ഞാന്‍ എന്‍റെ കടപ്പാടു വ്യക്തമാക്കാനാഗ്രഹിക്കുന്നു. അത് ആ പ്രൈവറ്റ് സ്കൂളിന്‍റെ ഹെഡ്മാസ്റ്റര്‍ക്കാണ്. എന്‍റെ അച്ഛനമ്മമാര്‍ വിദ്യാഭ്യാസമില്ലാത്തവരായിരുന്നതുകൊണ്ട് അദ്ദേഹം എനിക്ക് ആ സ്കൂളില്‍ പ്രവേശനം നല്‍കിയില്ല. അതുകൊണ്ട് സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ച് രാജ്യത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

മാത്രമല്ല ഞാന്‍ പഠിക്കുന്നതോടൊപ്പം എന്‍റെ അച്ഛനും അമ്മയും എഴുത്തു മുതല്‍ തുടങ്ങി ക്രമമായി പത്താം ക്ലാസുവരെ പഠിക്കുകയുണ്ടായി. ഇതിനിടയില്‍ അവര്‍ക്കും എല്ലാ പരീക്ഷകളും എഴുതി പാസാകുവാനുള്ള സൗകര്യം ഞാന്‍ ഒരുക്കിക്കൊടുത്തുകൊണ്ടിരുന്നു. അവര്‍ക്ക് പത്താം ക്ലാസ് പരീക്ഷ പ്രൈവറ്റായി എഴുതുവാനുള്ള അനുവാദം വാങ്ങി. അങ്ങനെ അദ്ദേഹം കാരണം ഞാന്‍ സര്‍ക്കാര്‍ സ്കൂളില്‍ നിന്നും എന്‍റെ മാതാപിതാക്കള്‍ പ്രൈവറ്റായും പത്താം ക്ലാസ് പാസായി”. എന്നു പറഞ്ഞു

മണി പറഞ്ഞ കാര്യങ്ങളെല്ലാം ടി.വിയില്‍ കണ്ടും കേട്ടും കൊണ്ടുമിരുന്ന ആ പ്രശസ്ത പ്രൈവറ്റ് സ്കൂളിന്‍റെ പ്രധാനാദ്ധ്യാപകന്‍റെ മനസ്സ് തകര്‍ന്നുപോയി. അതിന് രണ്ടു കാരണങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന്‍ ഇത്രയും നല്ല വിദ്യാര്‍ത്ഥിക്ക് തന്‍റെ സ്കൂളില്‍ പ്രവേശനം നല്‍കാത്തതുകൊണ്ട്‌ രാജ്യത്തിലെ ഒന്നാം സമ്മാനം സ്കൂളിന് നഷ്ടപ്പെട്ടു. രണ്ടാമത് ആ പ്രശസ്ത സ്കൂളിലെ ഒരു വിദ്യാര്‍ത്ഥി ഈ വര്‍ഷത്തെ പത്താം ക്ലാസു പരീക്ഷയില്‍ തോറ്റിരുന്നു .

നന്ദി വിജയഭാരതം തമിഴ് വാരിക

തമിഴില്‍  ശ്രീ കേ.പി. പദ്മനാഭന്‍

വിവര്‍ത്തനം ഡാ. എച്ച് പരമേശ്വരന്‍

തിരുവനന്തപുരം

 

 

 

 

 

 

 

 

 

 

എമൺസിന്റെ ഗുഹ

പദ്മശ്രീ വിഷ്ണുനാരായണൻ നമ്പൂതിരി

അമേരിക്കയിൽ ഒന്നരമാസം ചുറ്റിനടന്നിട്ട് എന്തുകിട്ടി? സുഹ്രുത്തുക്കൾ ചോദിച്ചു. എനിക്ക് അവരോട് മറുപടിപറയാനുണ്ടയിരുന്നത് വൈലോപ്പിള്ളിമാഷ്ന്റെ   ശൈലിയിലായിരുന്നു. ചിലമുന്തിയ സന്ദർഭങ്ങൾ; അല്ല, മാത്രകൾ മാത്രം! മർത്ത്യായുസ്സിൽ സാരമായത് അവ മാത്രമാണെന്നും മാസ്റ്റർതന്നെ പറഞ്ഞുതന്നിട്ടുണ്ടല്ലൊ. അത്തരം ഒരു മാത്രയെപ്ഹ്യ്റ്റി ഇതെഴുതുന്നു.

1992 ജൂൺ മധ്യത്തിൽ, ടൈലറിലെ എം.എസ്.ടി. ചേട്ടൻറെ വസതിയിൽവെച്ച് ഒരു സായാഹ്നത്തിൽ ഒരു സുഹ്രുത്സംഗമം നടന്നു. വന്നുചേർന്ന മിക്കവരും നാട്ടുകാരായിരുന്നു. നാട്ടിൽനിന്നെത്തിയ എന്നെ മധുരവാക്കുകൾ കൊണ്ട് അവർ മനം നിറയെ സത്കരിച്ചു. എന്നാൽ കൂട്ടത്തിലൊരാൾ – സായിപ്- തെല്ല് നിശ്ശബ്ദനായി എന്നെ നിരീക്ഷിച്ചത് ഞാൻ ശ്രദ്ധിച്ചു. അദ്ദേഹം കവിയാണ്, എമൺസ് എന്നാണ് പേര്. കളിക്കളത്തിൽ വെച്ചുള്ള ചങ്ങാത്തമാണ് എന്നെല്ലം എം.സി.ടി. ചേട്ടൻ എനിക്ക് പരിചയപ്പെടുത്തിത്തന്നു. അദ്ദേഹത്തിന്റെ  അമേരിക്കൻ ഉച്ചാരണവും എന്റെ ഇന്ത്യൻ ഇംഗ്ലീഷും കൂടിച്ചേർന്നപ്പോൾ ആശയവിനിമയം ഇത്തിരി കുഴങ്ങിയെന്നും ഓർക്കുന്നു. We are separated by the same language (ഒരേ ഭാഷ സംസാരിച്ചതുകൊണ്ടുമാത്രം അകന്നുപോയവരാണ് നമ്മൾ) എന്ന് പണ്ട് ബർണാഡ്ഷാ ഒരമേരിക്കനോട് പറഞ്ഞത് എനിക്കും എമൺസിനും ബാധകമായെന്നു തോന്നുന്നു. ഏന്നിട്ടും ആ മനുഷ്യൻ തനിക്കു  പ്രീയപ്പെട്ട കാര്യങ്ങളേപ്പറ്റി ചെറുചെറു വാക്യങ്ങളിൽ സംഭാഷണം ചെയ്തു. ആയിടയ്ക്ക് ഹൂസ്ററണിലെ നാസ സന്ദർശിച്ചിട്ട് ഞനെഴുതിയ ചെറിയ ഒരു ഇംഗ്ലീഷ് ലേഖനം അദ്ദേഹം കാണുവാനിടയായി. അതിൽ ഞാൻ ബഹിരാകശത്തെ ജയിക്കുന്നതിനേക്കാൾ മനുഷ്യനു പ്രധാനം അവന്റെ ഉള്ളിലുള്ള ആകാശത്തെ കീഴടക്കുന്നതാണ് എന്നു പറഞ്ഞിരുന്നു. Inner space എന്ന ആ വാചകം എമൺസിനെ ശരിക്കും സ്പർശിച്ചുവെന്നു തോന്നുന്നു. ആൽമീയതയിലേക്കും  പ്രാചീനസംസ്കാരങ്ങളിലേക്കും വെദാന്തദർശനത്തിലേക്കും ഒക്കെ ഞങ്ങളുടെ സംസാരം പടർന്നു ചെന്നു. പോടുന്നനേ അദ്ദേഹം എഴുനേറ്റു പറഞ്ഞു: എന്റെ കൂടെ വരുന്നോ? പുറത്തേക്കു പോകാം.

  • ഏവിടേക്ക്?
  • എന്റെ വീട്ടിലേക്ക്. ഗുഹ.(Cave) എന്നാണ് എന്റെ വീട്ടുപേര്. ഉടൻ ഞാൻ മടക്കിക്കൊണ്ടാ‍ക്കാം. താങ്കളെ പലതും കാട്ടിത്തരണമെന്ന് എനിക്കു തോന്നുന്നു.

നേരം പാതിരാവോടടുത്തു. ആതിധേയനായ എം.എസ്.ടി. ചേട്ടനോട് അനുമതി    വാങ്ങിയിട്ട് ഞാൻ സത്കാരസദസ്സിൽനിന്നിറങ്ങി. എമൺസിന്റെ കാറിൽ യാത്ര തിരിച്ചു. പത്തുപതിനഞ്ച് മിനിട്ടു ചെന്നപ്പോൾ ശരിക്കും ഒരു കാടിന്റെയുള്ളിൽ ഞങ്ങൾ വണ്ടിയിറങ്ങി. ചീവീടിന്റെ ശബ്ദം മാത്രം കേൾക്കാം. അവിടെ മരപ്പലകകൾകൊണ്ട് പണിത എമൺസിന്റെ ‘ഗുഹ’യിലേക്ക് ഞങ്ങൾ പ്രവേശിച്ചു.

ആകത്തുകടന്നപ്പോൾ, പക്ഷെ, ഏത് ആധുനികസൌകര്യവും കാഴ്ചവെക്കുന്ന ഒരു സാധാരണ വീടാണതെന്നു മനസ്സിലായി. എന്നുവെച്ചാൽ, ഇന്ത്യന്മട്ടിൽ സാധാരണ വീട്. (അമേരിക്കയിലെ സാധാരണം നമ്മുടെ ശരാശരി സാധാരണത്തെക്കാൾ എത്രയോ മീതെയാണ്?) എമൺസിന്റെ ഭാര്യയും കുട്ടികളും ദൂരേ ജോലിസ്തലത്താണ്. മൂപ്പർ ഇവിടെ ആണ്ടിൽ കുറേ മാസം ഒററയ്ക്കുവന്നു പാർക്കുന്നു.

  • ഒററയ്ക്ക് എന്ത് ചെയ്യുന്നു?

മറുപടിയായി അദ്ദേഹം എന്നെ ഓരൊ മുറിയിലേക്കും കൊണ്ടുനടന്നു. ഒന്നാന്തരം ഒരു ഗ്രന്ഥപ്പുരയുടെ ഭാഗങ്ങളാണ് അവിടത്തെ ഒരോ മുറിയും. ഗാന്ധിയും വിവേകാനന്ദനും ജ്ദ്ദു ക്രിഷ്ണമൂർത്തിയും ഒക്കെ ഷെൽഫുകളിൽ ഇരുന്ന് സല്ലപിക്കുന്നു. താഴെ വിരിപ്പുകളും ഇരിപ്പിടങ്ങളും ഒരു പ്രത്യേക മട്ടിൽ കണ്ടപ്പോൾ അദ്ദേഹം വിവരിച്ചുതന്നു: തനിക്കു യോഗാസനവും പ്രാണയാമവും ധ്യാനവും ശീലമാണ്.

പുതിയ സങ്കേതികവിദ്യകൾവഴി സാധനസാമഗ്രികളും ഭോഗവും സുഖോപാധികളും വർധിപ്പിച്ചു വർധിപ്പിച്ച് ഭൂമുഖത്തെ മലിനമാക്കുകയും ജീവിതം ജീവിക്കാൻ കൊള്ളാത്തതാക്കിത്തീർക്കുകയും ചെയ്യുന്ന ആധുനിക മനുഷ്യൻ ഇനി സ്വന്തം ഉൺമയിലേക്ക് ശ്രദ്ധതിരിക്കാൻ സമയമായി; അല്ലാത്തപക്ഷം സർവനാശത്തിലേക്കാവും അവന്റെ പോക്ക് – എന്നാണ് എമൺസിന്റെ വിശ്വാസം. ‘എന്റെ ഹ്രുദയാകാശ’ സൂചന അദ്ദേഹത്തിന് അത്രമേൽ രുചിച്ചത് എന്തുകൊണ്ടാണെന്ന് അവിടെയിരുന്നപ്പോൾ എനിക്ക് തികച്ചും മനസ്സിലായി.

പിന്നീട് അദ്ദേഹം എന്നേ ഇടനാഴിയിലേക്കു ക്ഷണിച്ചു. അവിടെ സൂക്ഷിച്ചിരിക്കുന്നത് ചില വിചിത്രവസ്തുക്കളത്രെ. തപ്പും തകിലും മുറിച്ചെണ്ടയും പോലുള്ള വാദ്യോപകരണങ്ങൾ, മണിപോലുള്ള പൂജാപാത്രങ്ങൾ, ദർഭപോലുള്ള Sweet grass പിരിച്ചു നിർമിച്ച ചില രൂപങ്ങൾ……. എന്താണിവ? എമൺസ് പറഞ്ഞു, പഴയ റെഡ് ഇന്ത്യൻ ഗോത്രവർഗക്കാരുടെ ആരധനാരീതികളെപ്പറ്റി താൻ നടത്തുന്ന ഗവേഷണത്തിന്റെ സാക്ഷ്യങ്ങളാണ് അതെല്ലാം. സൂര്യനെ ആരാധിച്ചിരുന്നവർ, പായലു തിന്നു കഴിഞ്ഞിരുന്നവർ, ന്രത്തസംഗീതാദികളിൽ പടവം നേടിയിരുന്നവർ, സർവോപരി ചരാചരപ്രക്രിതിയോട് വേഴ്ചയിലും സഹവർത്തിത്വത്തിലും ജീവിക്കാൻ വേണ്ട വിവേകം ആർജിച്ചിരുന്നവർ – അങ്ങിനെ ഒരു വർഗ്ഗം ഇന്നത്തെ ഭോഗഭൂമിയായ അമേരിക്കയിൽ ആദിജനതയായിട്ടുണ്ടായിരുന്നു. വെള്ളക്കാരൻ അവരെ കൊന്നൊടുക്കിയും മതം മാറ്റിയും ലഹരി ശീലിപ്പിച്ചും നാമാവശേഷമാക്കി. Black Elk Speaks, Bury my heart at the wounded knee തുടങ്ങി ഞാൻ വായിച്ച ചില പുസ്തകങ്ങളിൽനിന്ന് സജീവമായ പല ജീവിതരംഗങ്ങളും എന്റെ മനസ്സിലേക്ക് ഉണർന്നുവന്നു. അണവസംഹാരത്തിന്റെ മുന്നിൽനിന്ന് വിറകൊള്ളുന്ന വെളുത്ത വർഗം ഇതാ, ഇന്ന്, അപരിഷ്ക്രിതരെതന്ന് കരുതി തങ്ങൾ നശിപ്പിച്ച ആ കറുത്ത ദേവന്മാരുടെ സംസ്കാരവും ജീവിതശൈലിയും ആൽമീയതയും തേടിയിറങ്ങിയിരിക്കുന്നു, നിലനില്പിനുള്ള ഉപായം എന്ന നിലയ്ക്ക്! ആ സംസ്കാരം കുറ്റിയറ്റു പോയിരിക്കുന്നു. എങ്കിലും ഗവേഷണം ചെയ്ത് അതിനേ വീണ്ടെടുത്തേ പറ്റൂ.

എമൺസിന്റെ കാറിൽ മടങ്ങുമ്പോൾ ഞാൻ ഓർത്തുപോയി. പതിനായിരത്താണ്ടുകളായി എന്റെ ഭാരതത്തിൽ കുറ്റിയറ്റു പോകാതെ ഒരു മഹാസംസ്കാരം നിലനിൽക്കുന്നു. ലോകം കണ്ട ഏറ്റവും  മഹത്തായ നാഗരികതകൾ ഒന്നൊന്നായി ഗ്രീസിലും ഈജിപ്തിലും അയർലണ്ടിലുമൊക്കെ കെട്ടടങ്ങിക്കൊണ്ടിരുന്നപ്പോൾ ഇന്ത്യയിൽ മാത്രം വെളിച്ചമണയാൻ സമ്മതിക്കാതെ അതിനെ നാം ആചരണംകൊണ്ട് പോറ്റിപ്പോന്നു. വേദം ഇന്നും വായ്മൊഴിയാൽ നിലനിർത്തുന്ന മനുഷ്യൻ ഇന്തയിലുണ്ട്. ഇന്ത്യയുടെ സ്വന്തം കലണ്ടറിൽ ഇത് കലിവർഷം 5093 ആണല്ലൊ! പടിഞ്ഞാറൻ മോഡലിൽ അതിവേഗം ‘വികസനം’ പ്രാപിച്ചുകൊണ്ടിരിക്കുന്ന എന്റെ രാജ്യത്തും നാളെയൊരിക്കൽ ഇതേവിധം സ്വന്തം സംസ്കാരത്തെ ഗവേഷണം ചെയ്ത് കണ്ടെത്തേണ്ട ഗതികേട് വന്നുചേരുമോ? അതിന് ഇടവന്നാൽപ്പിന്നെ എന്റെ തുച്ചജീവിതംകൊണ്ട് എന്ത് പ്രയോജനം? കുറേ കവിതയും അവാർഡും ദേശാന്തരപര്യടനവും കൊണ്ട് ഞാൻ ക്രിതക്രിത്യനായി ചമയണമോ? അതോ എന്നെ പെററ സംസ്കാരത്തിനുവേണ്ടി യഥാശക്തി എന്റെ ശിഷ്ടായുസ്സ് ഞാൻ സമർപ്പിക്കണമോ?

എം.എസ്.ട്. ചേട്ടന്റെ വീട്ടിൽ കാറിറങ്ങിയപ്പോൾ ഞാൻ ഉറച്ചൊരു തീരുമാനത്തിലെത്തിയിരുന്നു. ( ഈ ലേഖനം എഴുതിയത് ഏപ്രിൽ 1996 – ൽ)

To read the essay in English translation: http://www.akshra.org/the-cave-of-emerson/

ചിത്രം

ഇത് പദ്മശ്രീ വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കവിതയാണ്. മൂന്നു ഭാഗങ്ങളായി ചിത്രം, ജാഥ, ഛായഇംഗ്ലീഷിലേക്കുള്ള    അദ്ദേഹത്തിന്റെ സ്വന്തം വിവർത്തനവും.

 

‘മുഖമെവിടെ?’ ഞാൻ പകച്ചു ചോദിപ്പൂ,

മുനിപോൽ മൂകനയിരിപ്പൂ ചങ്ങാതി.

പനയന്നാർ* കാവിലെഴുന്നള്ളത്തിന്റെ

പടമെന്നോർത്തീയാൾ വരച്ച ചിത്രത്തിൽ

കൊടിയു,ണ്ടാനകൾ കുടതഴകളും

കടുംനിറം ചുറ്റിപ്പുരുഷാരങ്ങളും.

ഒരുത്തനുമെന്നാൽ മുഖമി,-ല്ലീ വിദ്വാൻ

മുഴുപ്പിരിയനോ മഹാവേദാന്തിയോ?

 

ജാഥ

 

ഇതെന്തതിശയം! പകലറുതിയിൽ

ഇളവേറ്റു പടിപ്പുരയിൽ ഞാൻ നിൽക്കേ

ഒരു മഹാജാഥ കടന്നുപോകുന്നു,

ശരായിയും കളസവുമണിഞ്ഞവർ

കമനീയമായതലപ്പാവുള്ളവർ

കഴൽവയ്പിൽ കടുകണിശമുള്ളവർ.

അവർ നേതക്കന്മാർ നിമന്ത്രിപ്പൂ തമ്മിൽ:

‘എവിടെ നിൻമുഖം?’ ‘എവിടെ നിൻമുഖം?

 

ഛായ

 

വിളക്കിലീയല്പോൽ പിടയുമീ പാവം

ജനത്തിനോടുള്ളിൽ അലിവു വിങ്ങവേ

മിഴിനീരൊപ്പാൻ ഞാനുയർത്തും കൈലേസ്സിൽ

തടയുന്നീലൊന്നും,- ഇതെന്തു ശൂന്യത!

പിടഞ്ഞന്ധളിച്ചു വിറച്ചു ഞാൻ മണി-

യറയിൽ പാഞ്ഞെത്തിച്ചുമർക്കണ്ണടിയിൽ

ഒരു നോക്കേ കാൺമേൻ: എനിക്കും കോളറിൻ

മുകളി,ലെന്തയ്യോ! മുഖമൊന്നില്ലെന്നോ?

 

* മധ്യതിരുവിതാംകൂറിലെ പ്രസിദ്ധ ദേവീക്ഷെത്രം.

This is a poem in 3 stanzas titled Chitram, Jatha and Chaya  by Padmasri Vishnu Narayanan     Namboodiri, famous Malayalam poet, translated into English by the poet himself. To read the poem in English : http://www.akshra.org/where-is-the-face/

പൈതലിന്റെ ചിരി

                                                                                                                                                                                                                                                  വി. മധുസൂദനൻ നായർ.

എനിക്കു സ്വാതന്ത്ര്യമുണ്ടെന്തിനും, വൻ മേടകൾ

പണിയിക്കുവാൻ, തീനും കുടിയും മേളിക്കുവാൻ,

പുഴകൾ വിൽക്കാൻ, മലതോണ്ടുവാൻ, കണ്ണീരിന്റെ

പ്രളയം സ്രിഷ്ടി,ച്ചതിൽനിന്നു മീൻപിടിക്കുവാൻ

ആണുപെണ്ണിനും പ്ണ്ണിനാണുമെന്നുമേ വൈരി–

യാണെന്നു പഠിപ്പിക്കാൻ, മർത്ത്യരെഭിന്നിപ്പിക്കാൻ,

അന്യവേർപ്പിനാൽ മദ്യം വാറ്റുവാൻ, ദൈവത്തിന്റെ

ധന്യത ധനംകൊണ്ടു മാത്രമെന്നുറപ്പിക്കാൻ.

എനിക്കു സ്വാതന്ത്ര്യമുണ്ടെന്തിനും, കഥയെന്തും

തനിക്കു ചേരുംവണ്ണം തിരുത്തിയുറപ്പിക്കാൻ,

കപടങ്ങളെസ്സത്യമാക്കുവാൻ, അശക്തന്റെ

കനവിൽ, വാക്കിൽ മന്ദവിഷമാധുര്യം ചേർക്കാൻ

മതമേ തരം ഉള്ളിൽ, പുറമേ മതേതരം

വധമേ ലക്ഷ്യം, ചുണ്ടിൽ ജീവകാരുണ്യം വശ്യം,

ഞാൻ കല്പിച്ചുണ്ടാക്കിയ നിഴൽ ദൈവങ്ങൾ മായാ-

സങ്കുലയുദ്ധത്തിനാൽ സ്വാതന്ത്ര്യം തിരുത്തുന്നു.

ഏന്റെയീ സ്വാതന്ത്ര്യത്തിൻ ഘോഷയാത്രയെ ബുദ്ധി-

പ്പന്തവും വഹിച്ചു ഞാൻ നയിച്ചു മുന്നേറവേ

വടിയും കുത്തിപ്പിടിച്ചൊരുവൻ നിൽക്കുന്നല്ലോ

വഴിവക്കിലെത്തൂണായി, ചുറ്റിനും പിച്ചക്കാരും.

ഓ! വന്നുവെന്നോ ഗാന്ധിജയന്തി, എന്നോ പണ്ടേ-

ഒന്നര നൂറ്റാണ്ടായൊരഹിംസാവ്രതശാന്തി,

ചൂലെടുക്കാം, ഈ ഗാന്ധിപ്രതിമ ശുചിയാക്കാം

മാലകൾ ചാർത്താം, ഖാദി, ചുവപ്പ്, പച്ച, കാവി

കാലമേ മാറി, മാറ്റി സ്വാതന്ത്ര്യസങ്കല്പവും

കോലുമാറ്റിയാക്കൈയിൽ വെയ്ക്കാമീ മൂർച്ചക്കത്തി

എന്ത്? ജീർണമീഗാന്ധിശില്പത്തിൻ പിന്നിൽനിന്നും

പൊന്തുവെന്നോ ധീരനൊരു പൈതലിൻ ചിരി

To read the English translation of the poem :

നായകൻ

വി. എം. ദേവദാസ്.        

 Maybe that is what life is ……

                    A wink of the eye and winking stars.

                                                                                  -Jack Kerouac.

‘അതേയ്…. ഒന്നുകിൽ ഞാൻ പറയുന്നത് ക്രിത്യമായി അനുസരിക്കണം. ആല്ലെങ്കിലിതുപോലെ പഴുപ്പും വേദനയും സഹിക്കാനും കണ്ണിന്റെകാഴ്ച പോയാ കുഴപ്പമില്ലെന്ന് കരുതാനും പടിക്കണം.

ഡോക്ടർ സുനിൽ ഇമ്മാനുവലിന്റെ നീരസം നിറഞ്ഞ ചോദ്യത്തിനു മുന്നിൽ രോഗി നിസ്സഹായനായി വേദന കടിച്ചമർത്തി തലയിളക്കി.

‘വേദനയുണ്ടെങ്കിൽ കഴിക്കാനാണ് പെയിൻകില്ലർ എഴുതിയിരിക്കുന്നത്. അതിനുപകരമിങങ്നെ വിസ്കിയാണ് തുടരാൻ പോകുന്നതെങ്കിൽ പിന്നെ ഞാനെൻതിനാണ് മരുന്നെഴുതി തരുന്നത്?’  ഡോക്ടറുടെ പരിഹാസവും തങങാനാകാത്ത നോവുംകൊണ്ട് മേലാകെ ചുരിങ്ങിയിരിക്കുന്നയാളെ വർഗീസ് ദയനീയമായി ഒന്നുനോക്കി. ശേഷം ഇതൊന്നുമത്ര സാരമില്ലെന്ന മട്ടിൽ കണ്ണിറുക്കി തലചെരിച്ച് ആശ്വസിപ്പിക്കാനെന്നോണം പുഞ്ചിരിച്ചു. കൺസൾട്ടേഷൻ മുറിയുടെ മൂലയിലിരിക്കുന്ന ചില്ലലമാരയ്ക്ക് നേരെ പുരികമുയർത്തി മൂളിക്കൊണ്ട് ഡോക്ടർ ആംഗ്യം കാണിച്ചതും ക്ലിനിക്കിലെ സഹായി പെൺകുട്ടി അലമാരയിൽനിന്ന് പഞ്ഞിയും പ്ലാസ്റ്ററുമൊക്കെയെടുത്ത് തിടുക്കത്തിൽ ഡോക്ടർക്കരികെ മടങ്ങിയെത്തി.

‘കഴിഞ്ഞ തവണ വന്നപ്പോൾ ഞാൻ പറഞ്ഞതു വല്ലതും കേട്ടിരുന്നെങ്കിൽ ഇപ്പോഴിങ്ങനെ വേദന തിന്നണ്ട വല്ല കാരിയവുമുണ്ടായിരുന്നോ? ഇനിയെങ്കിലും ശ്രദ്ധിക്കൂ. പുറത്തൊന്നുമിറങങാതെ പത്തു ദിവസമെങ്കിലും റെസ്റ്റെടുത്തെങ്കിൽ മാത്രമേ ഇൻഫെക്-ഷൻ മുഴുവനായും മാറൂ.’

വലതുകണ്ണിൽനിന്ന് പഴുപ്പു തുടച്ചുകളഞ്ഞ്, മരുന്നൊഴിച്ചശേഷം പഞ്ഞിവെച്ചുകെട്ടുന്നതനിടയിലും അനുസരണയില്ലാത്ത രോഗിയോടും കൂടെ വന്നയാളോടുമായി ഡോക്ടർ പിന്നെയും താക്കീതുകൾ ആവർത്തിക്കുകയണ്.

ഡോക്ടറെ കുറ്റം പറഞ്ഞിട്ട് കാരിയമില്ല. മരുന്നും വിശ്രമവുമെല്ലാം  കാര്യഗൗരവത്തോടെത്തന്നെ ഇതിനുമുൻപും ഡോക്ടർ നിർദ്ദേശിച്ചിരുന്നതാണ്. വിലക്കുകൾ തെറ്റിച്ച രോഗി അന്നും ഇതുപോലെ എല്ലാം കേട്ട് അനുസരണയോടെ തലയിളക്കുകയും ചെയ്തിരുന്നു.

‘ഇമയനക്കാൻ പറ്റാത്ത വേദന. അകത്തിരുന്നൊരു ജീവി എന്റെ കാഴ്ച്ചയെ കാർന്നു തിന്നുന്നതുപോലെ. ഇരുട്ട്……. സർവത്ര ഇരുട്ട് ……ചുറ്റിലും പടരുന്ന ഇരുട്ട്…..’

രണ്ടാഴ്ചമുൻപ് ഈ ക്ലിനിക്കിലെത്തിയപ്പോൾ കണ്ണിലെന്തുപറ്റിയെന്ന ഡോക്ടർ സുനീലിന്റെ ചോദ്യത്തിന് അയാളുടെ മറുപടി അതായിരുന്നു. അതുകേട്ട് ഡോക്ടറുടെ സഹായിയായ പെൺകുട്ടിയുടെ മുഖത്തൊരു പരിഹാസപ്പുഞ്ചിരി വിരിഞ്ഞു. വെറുമൊരു സാധാരണക്കാരനല്ല, തെന്നിന്ത്യയെമ്പാടും ആരാധിക്കുന്ന സിനിമാതാരമാണ്, അഭിനയമികവിനുള്ള ദേശീയപുരസ്കാരം പലതവണ കേരളത്തിലെത്തിച്ച നടനുമാണ് മുന്നിലിരിക്കുന്നത്. താൻ അങ്ങേരുടെ കണ്ണുഡോക്ടറാണ് എന്നറിയാവുന്നതുകൊണ്ടുമാത്രം ഇമ്മാനുവത്സ് ഐ കെയറിൽ വരുന്ന ഒരുപാട് ആളുകളുണ്ടെന്നു  ഡോക്ടർക്കറിയാം. സംവേദനശേഷി കുറയ്ക്കുന്ന തുള്ളിമരുന്ന് രോഗിയുടെ കണ്ണിൽ ഇററിച്ചശേഷം വിശദമായ പരിശോധനയ്ക്കായി ഒരുങ്ങുന്നതിനിടയിലും അത്തരമൊരു പരിഹാസം അരുതെന്ന് ഡോക്ടർ സുനീൽ തലയിളക്കി വിലക്കി.  അതു തിരിച്ചറിഞ്ഞ സഹായിപെൺകുട്ടി അടക്കം പാലിച്ചു. ഏല്ലം കണ്ടുനിന്ന മേക്ക്പ്പ്മാൻ വറുഗീസിന് പരിഹാസത്തിന്റെ കാരണം തിരിച്ചറിയാനായി. ആ പെൺകുട്ടിയെ കുറ്റം പറയാനൊക്കില്ല. കണ്ണുവേദനയുമായി മുന്നിൽ വന്നിരുന്ന രോഗി ഇമ്മാതിരി സംഭാഷണം നടത്തിയാൽ ആരായാലും ചിരിച്ചുപോകും. പക്ഷേ അയാൾ ഷൂട്ടിങ് ലൊക്കേഷനിൽനിന്നണ് നേരെ ഇങ്ങോട്ടു വരുന്നത്. മുപ്പത്തഞ്ചു വയസ്സിനുള്ളിൽ കേന്ദ്രസാഹിത്യ അക്കാദമി പുരസ്ക്കാരവും പദ്‌മശ്രീയുമൊക്കെ ലഭിച്ച പ്രശസ്ത മലയാളസാഹിത്യകാരനായ, ഉന്മാദിയായൊരു കൊളേജ് അധ്യാപകന്റെ വേഷമാണിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. കുറച്ചുനാളായി അതിന്റെ ബാധയേററുന്നതുകൊണ്ടാണ് സഹിക്കാനാകാത്ത കണ്ണുവേദനയുമായി ഡോക്ടറുടെ മുന്നിലിരിക്കുമ്പോഴും വർത്തമാനത്തിൽ സാഹിത്യം കലരുന്നതെന്ന് എപ്പോഴും നിഴലായി കൂടെയുള്ള വറുഗീസിന് തിരിച്ചറിയാവുന്നതുപോലെ ക്ലിനിക്കിലെ ഒഫ്താൽമിക് അസിസ്ററന്റിന് കഴിയണമെന്നില്ലല്ലൊ. അതാണല്ലോ കണ്ണിലെ തെളിച്ചത്തിലേക്കും കണ്മുന്നിലെ താരപ്രഭയിലേക്കും ഉററുനോക്കുന്ന അവരുടെ തൊഴിലുകൾ തമ്മിലുള്ള വ്യത്യാസം. ഡോക്ടറുടെ  മുന്നിലിരിക്കുന്ന ഉപകരണത്തിലേക്ക് തല ചേർത്തുവെക്കാൻ സഹായിച്ചതു വർഗീസാണ്. ലെൻസ് ഘടിപ്പിച്ച സുഷിരത്തിനു മുന്നിൽ കൺപോളകൾ തുറന്നു  പിടിച്ചപ്പോൾ താങ്ങാനകാത്ത വേദനയിൽ അയാൾ വർഗീസിന്റെ ഉള്ളംകൈ പിടിച്ചു ഞെരിച്ചു.

‘കണ്ണിനകത്തെന്തൊ ഉണ്ട്. ഞാനൊന്നുതുടച്ചെടുക്കാൻ നോക്കട്ടെ.’

‘രണ്ടിററ് തുള്ളി മരുന്നുകൂടി കണ്ണിലൊഴിച്ചശേഷം സുനിൽ കൈനീട്ടിയപ്പോൾ സഹായി പെൺകുട്ടി ഒരു കോട്ടൺ ബഡ്സ് എടുത്തുകൊടുത്തു.

‘ഇപ്പോൾ വേദന കുറവില്ലേ?’

‘ഉവ്വ്.’

‘ഞാൻ കണ്ണിനകത്ത് തൊടുന്നതറിയുന്നുണ്ടോ?’

‘ഇല്ല.’

ബഡ്സുകൊണ്ട് തുടച്ചിട്ട് പോരുന്നില്ല. കോർണിയയിൽ എന്തോ പററിപിടിച്ചിരിക്കുന്നുണ്ട്. ലൊക്കേഷനിൽനിന്നെങ്ങാനും വല്ല പശയോ സ്പ്രേയോ മറ്റോ കണ്ണിൽ പോയോ?’

‘അതൊന്നുമല്ല. ചെലപ്പോൾ ചില്ലിന്റെ പൊടിയായിരിക്കും.’

ഇത്തവണ രോഗിക്കുപകരം മറുപടി പറഞ്ഞത് വർഗീസ് ആണ്. സംഘട്ടനരംഗം ഷൂട്ടു ചെയ്യുന്നതിനിടെ ഒന്നുരണ്ടുതവണ കണ്ണുതിരുമ്മുന്നത് വർഗീസിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. എന്തോ അസ്വസ്ഥത തോന്നുന്നു എന്നു പറഞ്ഞപ്പോൾ കണ്ണുകഴുകാൻ വെള്ളം കൊടുത്തതും മേക്കപ്പിളകാതെ മുഖം തുടച്ചതുമെല്ലാം വർഗീസ് തന്നെയാണ്. കണ്ണിലെന്തൊ ഇരടുന്നതിന്റെ അസ്വസ്ഥതകൊണ്ടാകണം പുതിയ സിനിമയേക്കുറിച്ച് സംസാരിക്കാൻ ലൊക്കേഷനിലെത്തിയ യുവസംവിധായകൻ രണ്ടാമതും അതേ ആവശ്യവുമായി സമീപിച്ചപ്പോൾ അയാൾ കയർത്തു സംസാരിച്ചത്. തന്റെ സർവീസ് ജീവിതത്തിൽ വെച്ചേറ്റവും വിച്ത്രമായതും എന്നാൽ നാളിതുവരെ തെളിയിക്കാനാകാത്തതുമായ ഒരു കേസിനുപുറകേ റിട്ടയർ ചെയ്ത ഒരു പോലീസുകാരൻ അലഞ്ഞുനടക്കുന്നതും, ഒടുക്കം പ്രതിയെ തിരിച്ചറിയുന്നതുമായിരുന്നു യുവസംവിധായകൻ പറഞ്ഞുകേൾപ്പിച്ച കഥാതന്തു. പക്ഷെ അറുപതുവയസ്സുകാരനായ കുററാന്വേഷകൻ എന്ന കഥാപാത്രത്തിന്റെ പ്രായത്തിന്മേൽ വിയോജിപ്പുണ്ടായി. സർവീസിലുള്ള നാല്പതുവയസ്സുകാരനായ പോലീസ്സുകാരൻ എന്ന നിർദ്ദേശം മുന്നോട്ടുവെച്ചെങ്കിലും തിരക്കഥാകൃത്തിനും സംവിധായകനും അതത്ര സ്വീകാരിയമായിരുന്നില്ല. അധികാരം നഷ്ടപ്പെട്ട വയസ്സൻ പോലീസ്സുകാരന്റെ അലച്ചിൽ എന്നതു കഥയിൽ പ്രധാനപ്പെട്ട ഒരു സംഗതിയാണെന്ന് അവർ സൂചിപ്പിച്ചപ്പോൾ തനിക്കതിൽ താത്പര്യമില്ലെന്നു പറഞ്ഞൊഴിഞ്ഞ ശേഷം അയാൾ നേരേ ചെന്നത് സംഘട്ടനരംഗം ചിത്രീകരിക്കാനാണ്. സാഹിത്യകാരനായ കോളേജ് അദ്ധ്യാപകനും അയാളെ പ്രേമിക്കുന്ന വിദ്യാർത്ഥിനിയുടെ മുറച്ചെറുക്കനും തമ്മിൽ കോളേജിനകത്തുവെച്ചു നടക്കുന്നൊരു അടിപിടിയുടെ അവസാനഘട്ടമായിരുന്നു അത്. കോളേജിന്റെ വരാന്തയിൽനിന്ന് തുടങ്ങിയ സംഘട്ടനം അവസാനിക്കുന്നത് കെമിസ്ട്രി ലാബിലാണ്. കാമുകിയുടെ മുറച്ചെറുക്കനെ ലാബിനകത്തെ പരീക്ഷണോപകരണങ്ങളുടെ മുകളിലേക്കു തള്ളിയിടുന്നതും രാസവസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന ചില്ലലമാര തല്ലിത്തകർക്കുന്നതുമെല്ലാം ചിത്രീകരിച്ച ശേഷമുള്ള ഇടവേളയിലാണ് കണ്ണിനകത്തു വേദനയും ഇരടലുമെല്ലാം തുടങ്ങിയത്. അന്നേരമാണ് വയസ്സൻ പോലീസ്സുകാരന്റെ കഥയും പറഞ്ഞുകൊണ്ട് സംവിധായകൻ വീണ്ടും വന്നതും നീരസപ്പെട്ട് ഉച്ചത്തിൽ സംസാരമുണ്ടായതും.

‘പശയായാലും ചില്ലായാലും നന്നായി ഒട്ടിച്ചേർന്നാണിരിക്കുന്നത്. ചെറുതായൊന്ന് ചുരണ്ടിയെടുക്കേണ്ടിവരും.’

‘പ്രശ്നമാകുമോ ഡോക്ടറേ?’

‘എടുക്കുമ്പോൾ കോർണിയയുടെ പാടയ്ക്ക് ചെറിയ പ്രശ്നമുണ്ടാകും. നേർത്ത പാട വരുന്നതുവരെ ഒരാഴ്ചത്തേക്ക് ഇമയനക്കുമ്പോൾ നല്ല വേദന കാണും. മൂന്നാലുദിവസം കണ്ണുമൂടിക്കെട്ടണം. പിന്നെ രണ്ടാഴ്ചയെങ്കിലും റെസ്റെറടുക്കേണ്ടിവരും.’

‘അതല്ലാതെ വേറെ വഴിയൊന്നുമില്ലേ? ഷൂട്ടിങ് ഷെഡ്യൂളാകെ ടയിററാണ് …. പത്തുപതിനഞ്ചുദിവസമൊക്കെ റെസ്റ്റെടുത്താൽ എല്ലാം അവതാളത്തിലകും. ഡോക്ടർക്ക് അറിയാമല്ലോ…… ഇപ്പോൾ അല്പം ക്ഷീണകാലമാണ്. അൻപതു ദിവസമെങ്കിലും ഓടിയപടമൊക്കെ ഇറങ്ങിയ കാലം ഞാൻതന്നെ മറന്നു. ഹിറ്റാകാൻ സധ്യതയുള്ള ഒന്നുരണ്ട് പടങ്ങളാണിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. പിന്നെ ചില പ്രൊഡ്യുസേഴ്സിനുവേണ്ടി ഗൾഫിൽ നാലഞ്ച് ഉദ്ഘാടനങ്ങളും ….. അതൊക്കെമുടങ്ങും.’

‘എന്നുകരുതി കണ്ണിലുള്ളത് അവിടെത്തന്നെ ഇരുന്നു പഴുക്കട്ടെയെന്നാണോ? ഏങ്കിൽ ശരി, എനിക്കൊരു കുഴപ്പവുമില്ല. അതങ്ങനെ ഇൻഫെക്ഷനായിക്കോട്ടേ. ഒരുകണ്ണിന്റെ കാഴ്ച്ചയേക്കാളും വലുതണോ ഹിറ്റാകാൻ ചാൻസുള്ള സിനിമയുടെ ഷൂട്ടിങ്ങും തിരക്കുകളും, പിന്നെ പ്രൊഡൂസർമാരുടെ കടയുദ്ഘാടനവുമൊക്കെയെന്ന് ആലോചിച്ചശേഷം പതിയെ അറിയിച്ചാൽ മതി.’

‘അയ്യോ അങ്ങിനെയല്ല ഡോക്ടറേ. ഞാൻ തിരക്കിന്റെ കാര്യം സൂചിപ്പിച്ചെന്നേയുള്ളു. കാഴ്ച്ചകളഞ്ഞുള്ള പണിക്ക് നമ്മളാരെങ്കിലും നിൽക്കുമോ?’

‘ഇപ്പോൾ ഇറ്റിച്ച മരുന്നുകാരണമാണ് കണ്ണിങ്ങനെ തുറന്നു സംസാരിക്കാനൊക്കുന്നതെന്ന് ഓർമ്മ വേണം. പത്തുപതിനഞ്ച് മിനിറ്റു  കഴിഞ്ഞാൽ മരുന്നിന്റെ ഫലം തീരുന്നതോടെ വേദനയും ഇടരലുമൊക്കെയായി ഇങ്ങോട്ടുതന്നെ വെപ്രാളപ്പെട്ട് ഓടി വരേണ്ടിവരും’

‘എന്നാൽപിന്നെ ചുരണ്ടി എടുക്കുകതന്നെ, അല്ലേ?’

സംസയഭാവേന ഡോക്ടറുടെയും മേക്കപ്പ്മന്റെയും മുഖത്തേക്ക് മാറിമാറി നോക്കിയെങ്കിലും ഇരുവരിൽനിന്നും അനുകൂലമായ പ്രതികരണം ലഭിച്ചതോടെ രോഗി വീണ്ടും പരിശൊധനാ ഉപകരണത്തിന്മേൽ കീഴ്ത്താടി ചേർത്തുവെച്ചു. ഇത്തവണ ഡോക്ടർ സുനിൽ കൈ നീട്ടിയപ്പോൾ സഹായിപെൺകുട്ടി വലിയൊരു സൂചിപോലെയുള്ള എന്തോ ഒന്നാണ് എടുത്തുകൊടുത്തത്. അതിന്റെ ചെരിഞ്ഞുകൂർത്ത അഗ്രം കണ്ണിലേക്ക് അടുപ്പിക്കുമ്പോഴും  അയാൾ കണ്ണടക്കുന്നില്ലെന്ന് കണ്ട വർഗീസ് അദ്ഭുതപ്പെട്ടു.

കണ്ണുതുറന്നുപിടിക്കൂ……ആ …അങ്ങിനെതന്നെ….’

‘ശരി.’

‘സംസാരിക്കണ്ടാ…..ഇമയനക്കരുത് കേട്ടോ…..കണ്ണ്തുറന്നുതന്നെപിടിച്ചോളൂ. ഞാനിതാ അതിങ്ങ് പീൽ ചെയ്തെടുക്കുകയണ്. വേദനയുണ്ടോ?’

‘ഇല്ലാ. തൊടുന്നതായി തൊന്നുന്നേയില്ല.’

‘ആ….തീർന്നു…..എടുത്തുകഴിഞ്ഞു. ഇനി ഒരു ഓയന്റ്മെന്റ് പുരട്ടി ഐപാച്ച് ഒട്ടിക്കണം.’

സഹായി പെൺകുട്ടി കണ്ണുമൂടിക്കെട്ടാനുള്ള പരുത്തിത്തുണിയും പഞ്ഞിക്കഷ്ണവും ഒട്ടിപ്പുനാടയുമൊക്കെയായി വരുമ്പോഴേക്കും അടുത്ത രണ്ട്മൂന്നാഴ്ച പലിക്കേണ്ട ചിട്ടകളും കഴിക്കേണ്ടതും ഒഴിക്കേണ്ടതുമായ മരുന്നുകളുടെ പട്ടികയും ഡോക്ടർ കൈമാറിയിരുന്നു.ശേഷം രോഗി കേൾക്കെ വർഗീസിനോടായി അതെല്ലാം അവർത്തിച്ചു.

ശരിക്കും പറഞ്ഞാൽ ഒരുദിവസം മാത്രമേ കണ്ണ് മൂടിവെക്കേണ്ട കര്യമുള്ളു. പക്ഷെ സംഭവിച്ചത് വലതുകണ്ണിനാണെങ്കിലും ഇടത്തേതിന്റെ ഇമയനക്കുമ്പോൾ സ്വാഭാവികമായി വലതും ഇളകും. അപ്പോൾ നല്ല വേദനയുണ്ടാകും. അതുകൊണ്ട് ആ കണ്ണ് രണ്ടുമൂന്നു ദിവസം പകലൊക്കെ അടഞ്ഞിരിക്കുന്നതാണു നല്ലത്. ഓയന്റ്മെന്റ് തേച്ചശേഷം രാത്രിയിൽ കിടക്കുമ്പോൾ വേണമെങ്കിൽ ഐ പാച്ച് ഒഴിവാക്കാം. പിന്നെ കണ്ണ്മൂടിക്കെട്ടാതെയണ്  പുറത്തിറങ്ങുതെങ്കിൽ സൺഗ്ലാസ്സ് ഉപയോഗിക്കാൻ മറക്കണ്ട. ഇങ്ങേർക്ക് കോർണിയയുടെ വളവ് കൂടുതലാണെന്ന് അറിയാമല്ലോ, അല്ലേ? അത്തരക്കാർക്കാണ് ഇങ്ങനെയുള്ളതൊക്കെ എളുപ്പം പറ്റാൻ ചാൻസുള്ളത്. വെറുതെ കാററടിച്ചാലേ കണ്ണിൽ അലർജി വരുന്ന ആളാണെന്നറിയാമല്ലോ. അതുകൊണ്ട് പുറത്തിറങ്ങുമ്പോൾ ഗ്ലാസ്സ് ഉപയോഗിക്കാൻ മറക്കണ്ടാ. നന്നായി സൂക്ഷിക്കണം.’

‘കൂളിങ് ഗ്ലാസ്സിപ്പോൾ എന്റെ ശരീരത്തിലെ ഒരവയവം പോലെയായിട്ടുണ്ട്. അത്ന്റെ പേരിൽ ആളുകളുടെ മൊത്തം പരിഹാസവും കൂടെയുണ്ടെങ്കിലും….’

‘ആളുകളെന്തെങ്കിലും പറയട്ടെ….സ്വന്തം കാഴ്ച സൂക്ഷിക്കേണ്ടത് അവനവന്റെ ഉത്തരവാദിത്വമാണ്. പിന്നെ കുറച്ചുനാളത്തേക്ക് കോണ്ടാക്ററ് ലെൻസും ഗ്ലിസറിനുമൊന്നും ഉപയോഗിക്കേണ്ടാ…’

‘ഇല്ലേയില്ല. സമ്പൂർണവിശ്രമം. പോരേ?’

മൂടിക്കെട്ടിയ കണ്ണുമായി പുറകിൽ ഇരിക്കുന്നയാളുടെ മുഖം കണ്ണാടിയിൽ പ്രതിഫലിക്കുന്നതിലേക്കായിരുന്നു ഡ്രയ്‌വുചെയ്യൂമ്പോഴും വർഗീസിന്റെ ശ്രദ്ധ. അസ്വസ്ഥതയോടെ നെറ്റി തിരുമ്മുന്നുണ്ട്. ക്ലിനിക്കിൽ നിന്നിറങ്ങിയിട്ടിപ്പോൾ സമയം അരമണിക്കൂർ കഴിഞ്ഞിരിക്കുന്നു. കണ്ണിലിറ്റിച്ച മരുന്നിന്റെ ഫലം തീർന്നു കാണും.

‘വർഗീസേ….. ആ പെയിങ്കില്ലറൊരെണ്ണം എടുത്ത് താ………’

‘ഭക്ഷണശേഷം കഴിക്കാനാണ് സാറേ എഴുതിതന്നിരിക്കുന്നത്.’

‘വേദന താങ്ങാനാകുന്നില്ലെടാ.’

‘ഇരുകണ്ണുകളുമടച്ചാണ് ഗുളിക വിഴുങ്ങിയതും വെള്ളം കുടിച്ചതുമെല്ലാം. ഒരു ദീർഘനിസ്വാസം എടുത്തതിനുശേഷം തല സീററിലേക്കു ചേർത്ത് ശരീരം പുറകോട്ടാഞ്ഞു കിടക്കുന്നത് കണ്ടശേഷം മാത്രമാണ് വർഗീസ് വണ്ടി മുന്നോട്ടെടുത്തത്. വണ്ടി വീട്ടുമുറ്റത്തെത്തുന്നതുവരെ പിന്നെ സംസാരമൊന്നുമുണ്ടായില്ല. ഇറങ്ങാനയി ഡോർ തുറക്കാൻ ആഞ്ഞപ്പോൾ വർഗീസിന്റെ കൈത്ത്ണ്ടമേൽ പിടിയമർത്തി വിലക്കുവന്നു.

‘അദ്യം ഉമ്മറത്താരെങ്കിലും ഉണ്ടോയെന്നു നോക്ക്?’

‘നാലുപേരുണ്ട്.’

‘ആരൊക്കെയാണ്?’

‘അറിയില്ല. ഇന്നുച്ചയ്ക്കുശെഷം ഒന്നുരണ്ട് പേർക്ക് നമ്മൾ അപ്പൊയന്മെന്റ് കൊടുത്തിരുന്നു.’

‘കുറച്ചുനാൾത്തേക്ക് ഒന്നും നടക്കില്ലെന്നു പറ്ഞ്ഞുവിട്ടേക്ക്. ഈ കോലത്തിലിപ്പോൾ ആരും കാണണ്ടാ. ഇനിയിപ്പോൾ കണ്ണും പോയി കിട്ടി എന്ന വാർത്തെയെങ്ങാനും പുറത്തായാൽ  പിന്നെയതുമതി പറഞ്ഞു മൊത്തം പാട്ടാക്കി ആളെ പടുകുഴിയിലാക്കാൻ. എനിക്കിപ്പൊൾ എല്ലാത്തിനേയും പേടിയാണ്. അവരൊക്കെ പോയിക്കഴിഞ്ഞ് എന്നെ ഇറക്കിയാൽ മതി.’

വെദനാസംഹാരി പ്രവർത്തിച്ചു ത്ടങ്ങിയതുകൊണ്ടായിരിക്കണം, കാണാൻ കാത്തിരുന്നവരെയെല്ലാം പറഞ്ഞൊഴിവാക്കിക്കൊണ്ട് വർഗീസ് തിരികെയെത്തുമ്പോഴേക്കും അയാൾ മയക്കം തൂങ്ങിയിരുന്നു . തോളിൽ തട്ടിവിളിച്ചുണർത്തേണ്ടിവന്നു വർഗീസിന്. കാറിൽനിന്നിറങ്ങിയശേഷം വർഗീസിന്റെ തോളിൽ പിടിമുറുക്കി കിടപ്പുമുറിയിലെത്തുന്നനേരംകൊണ്ട് എന്തുപറ്റിയെന്ന ചോദ്യവും കരച്ചിലു ഒച്ചപ്പാടുമായി ഭാര്യയും മരുമകളുമെല്ലാം ഓടിയടുത്തു. കണ്ണുകളടച്ചുകൊണ്ടുതന്നെ വലംകൈ ഉയർത്തി അവരെയെല്ലാം വിലക്കി. കിടപ്പുമുറിയുടെ വാതിലടയുന്നതിനുമുൻപ് വർഗീസിനെക്കൂടാതെ ഭാര്യയ്ക്കുമാത്രം അകത്തുകയറാൻ അനുമതി ലഭിച്ചു. ‘ഒച്ചയും വിളിയും കൂട്ടി ആളുകളെ അറിയിക്കാതെ ഒന്നടങ്ങ്. ക്റച്ചുദിവസം റെസ്ററ് എടുക്കേണ്ട കാര്യമല്ലേയുള്ളു.’

അതായിരുന്നു ഭാര്യയ്ക്കുള്ള കനത്ത നിർദ്ദേശം. തലയിൽ കൈവെച്ചുകൊണ്ടവർ കട്ടിലിൽ ചെന്നിരുന്നു.

‘വർഗീസേ……. ഇപ്പ നമ്മള് ചെയ്യുന്നതിന്റെയും പിന്നെ ഷെഡ്യൂള് പ്രശ്നാകുന്ന അടുത്ത പടത്തിന്റെയും പ്രൊഡ്യൂസറും ഡയരക്ടറും അല്ലാതെ വേറാരും ഇക്കാര്യം അറിയരുത്.’

‘ഉവ്വ്.’

‘പറഞ്ഞുവരുമ്പോൾ നമ്പർ വൺ സൂപ്പർസ്ററാറൊക്കെയണ്. പക്ഷെ തരംകിട്ടിയാൽ തള്ളിപുറത്താക്കാനാണ് എല്ലാവർക്കും താത്പര്യം. അതിന് തക്കം നോക്കിയിരിക്കുന്നവരും കാണും. ഞാൻ പറയുന്നതിന്റെ ഉദ്ദേശ്യം നിനക്കു മനസ്സിലാകുന്നുണ്ടല്ലോ, അല്ലേ?’

‘മനസ്സിലായി. അപ്പൊയിന്മെന്റുകളൊക്കെ ക്യാൻസൽ ചെയ്യാം. പക്ഷേ…….മറേറന്നാളത്തേ ഗൾഫ് ട്രിപ്പിന്റെ കാര്യം എന്താകും?’

‘നമുക്കതിന് പോകണം.’

‘അയ്യോ അതു വേണോ? അഡുവാൻസ് തിരിച്ചുകൊടുത്ത് ഒഴിവാക്കണതല്ലേ നല്ലത്?’

‘അതൊഴിവാക്കാൻ പറ്റില്ല വർഗീസേ. ചെന്നില്ലെങ്കിലവന്മാര് അടുത്ത പടത്തിന് ഇൻവെസ്ററ് ചെയ്യാമെന്നേറ്റിരുന്ന വാക്ക് പിൻവലിച്ചുകളയും. വേറേ നിവർത്തിയില്ല. നീ മറേറന്നാളിങ്ങോട്ടിറങ്ങിയാൽ മതി. അതുവരെ നമുക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലല്ലോ? എതെങ്കിലും ഉണ്ടെങ്കിൽ എന്റെ മൊബയിലിലൊന്നു വിളിച്ചാൽ മതി.’

അത്രയും പറയുന്നതിനിടയിൽ കട്ടിലിൽ നീണ്ടൂനിവർന്നു കിടക്കുന്നയാളുടെ കാൽമുട്ടുവരെ പുതപ്പിച്ച് വലിച്ചുമൂടിയശേഷം ഭാര്യ മുറിവിട്ടിറങ്ങി. അവരോടൊപ്പം പുറത്തേക്കിറങ്ങി വാതിൽ ചരുന്നതിനുമുൻപേ വർഗീസ് ഒരുതവണകൂടി തന്റെ എതിർപ്പറിയിക്കാൻ ശ്രമിച്ചു.

‘ഗൾഫ് ട്രിപ്പിന്റെ കാര്യം ഒന്നൂടെയൊന്ന്….. ഡോക്ടർ പറഞ്ഞതറിയാമല്ലോ?’

‘വല്ലാത്ത തളർച്ചയും വേദനയും. എനിക്കൊന്നു കിടക്കണം വർഗീസേ.’

തന്റെ തീരുമാനത്തിനു മാററമില്ലെന്നും, ഏവരും കിടപ്പുമുറിയിൽ നിന്ന് ഇറങ്ങിപ്പോകണമെന്നുമായിരുന്നു അതിന്റെയർധം. പക്ഷേ ഉറച്ച ശ്ബ്ദ്ത്തോടെ ആ തീരുമാനമറിയിച്ചയാൾ തന്നെയാണിപ്പോൾ കണ്ണിൽ പഴുപ്പുകയറി ഇമയനക്കാൻപോലും സാധിക്കാതെ വെദന സഹിക്കാനാകാതെ ഞെരുങ്ങിയും മുരണ്ടും ഡോക്ടർ സുനിലിന്  മുന്നിൽ വീണ്ടും ചെന്നു കീഴടങ്ങിയിരിക്കുന്നത്. ചികിത്സാക്രമം പൂർത്തിയായതോടെ ഡോക്ടറുടെ പ്രതിഫലം കൊടുത്തശേഷം വർഗീസ് രോഗിയേ സാവധാനം പിടിച്ചെഴുന്നേല്പിച്ചു. തിരക്കുകുറഞ്ഞ സമയമായതിനാൽ കാത്തിരുപ്പുമുറിയിൽ ആകെ നാലഞ്ചാളുകളെ ഉണ്രയിരുന്നുവെങ്കിലും കണ്ണിൽ മരുന്നിററിച്ച് ഊഴം കാത്തിരുന്നവരുടേയും കൂട്ടിരുപ്പുകാരുടേയും കാഴ്ചകളിൽനിന്ന് തന്റെ കൂടെയുള്ള രോഗിയേ മറച്ചുപിടിക്കാനെന്നോണം ക്ലിനിക്കിൽനിന്നു പുറത്തിറങ്ങുന്നതുവരെ വർഗീസ് ആൾമറ ചമച്ചുനടന്നു.

ഡ്രയ്‌വ്ചെയ്യുന്നതിനിടയിലും വർഗീസ് പലതവണ കണ്ണാടിയിലേക്ക് പാളിനോക്കി. കെട്ടിവെച്ച കണ്ണുമായി പുറകിലിരിക്കുന്നയാളുടെ രൂപം വർഗീസിനെ വിഷമത്തിലാഴ്ത്തി. രണ്ടാഴ്ചമുൻപ് ഇമ്മനുവത്സ് ഐ കെയറിൽനിന്ന് പോരുമ്പോൾ കണ്ട രൂപമല്ല ഇപ്പോൾ കണ്ണാടിയിൽ പ്രതിഫലിക്കുന്നത്. കഷണ്ടി തെളിഞ്ഞുകാണാം. ഡയ്യും ഷേവിങ്ങുമെല്ലാം മുടങ്ങിയിട്ട് എട്ടുപത്തുദിവസമായതിനാൽ തലയിലും മുഖത്തുമെല്ലാം നരച്ചമുടി പ്രയത്തെ വെളിപ്പെടുത്തുന്നു. വേദനാസംഹാംരികൾ വിഴുങ്ങിയിട്ടും ഉറക്കം ലഭിക്കാത്തതിനാൽ മദ്യത്തിൽ മുഴുകിയ ദിവസങ്ങളുടെ ലഹരിയും ക്ഷീണവും കൊണ്ട് വീങ്ങിയ കവിളിണകൾ. കഴുത്തിലെ പേശികളയഞ്ഞ് ചുളിവുകളുടെ എണ്ണം കൂടീയിരുന്നു. തന്റെ ചമയക്കൂട്ടുകളാൽ സുഭഗസുന്ദരരൂപത്തിൽ തിരശ്ശീലയിൽ തിളങ്ങാറുള്ള യുവാവിന്റെ മുഖമണിപ്പോൾ വൃദ്ധരൂപമാർന്ന് കാറിന്റെ പുറകിലെ സീറ്റിൽ വേദനകൊണ്ട് പുളഞ്ഞു പിറുപിറുക്കുന്നതെന്ന് ഓർത്തതോടെ അകാരണമായി വർഗീസ് തന്നേത്തന്നെ പഴിച്ചു.

‘വണ്ടിയൊന്ന് സൈഡാക്ക്.’

എന്തിനാണിപ്പോൾ അങ്ങനെയൊരു നിർദ്ദേശമെന്ന് കാരണം പറയാതെതന്നെ വർഗീസിനറിയാം. തിരിഞ്ഞുനോക്കിയപ്പോൾ കൈയും നീട്ടി ഇരിക്കുകയാണ്. ഡാഷ്ബോർഡിനകീഴെയുള്ള ഡ്രോയിൽ വിസ്കിയും വെള്ളവും കലർത്തി വെച്ചിരിക്കുന്ന ഹിപ് ഫ്ലാസ്ക് ഇരിപ്പുണ്ട്. അതെടുത്തുകൊടുക്കാനാണ് പതിവുനിർദ്ദേശം.

‘ഡോക്ടർ പറഞ്ഞതൊക്കെ ഓർമയില്ലേ? പോരാത്തതിന് ഇപ്പത്തന്നെ സാറ് അത്യാവശ്യത്തിന് മൂഡായിട്ടൊണ്ട്.’

‘ഈ മുടിഞ്ഞ വേദന……..പററണില്ലാ………നിയമോം ഉപദേശോം ഒന്നും നോക്കാൻ വയ്യ. നീ എടുത്തുതരുന്നുണ്ടോ?’

വണ്ടി വശംചേർത്തു നിർത്തിയശേഷം വർഗീസ് ഹിപ് ഫ്ലാസ്ക്കെടുത്തു പുറകിലേക്കു നീട്ടി. അതിനിടെ തന്റെ മൊബയിലിൽ വന്ന കോൾ വർഗീസ് ചുവന്ന ബട്ടണിൽ ഞെക്കി ഒഴിവാക്കി.

‘കോളെടുത്ത് സംസാരിക്കെന്നേയ്. അതുകഴിഞ്ഞു വണ്ടിയെടുത്താൽ മതി.’

‘ഏയ്….ഇതാചാ‍ൻലീന്നാ. എന്നേ രണ്ടുതവണ വിളിച്ചിരുന്നു. സാറിന് തിരക്കണെന്ന്

‘ഞാൻ പറ്ഞ്ഞതാ. പക്ഷേ അവന്മാര് വിടാൻ ഭാവമില്ലെന്ന് തോന്നുന്നു.’‘

‘അങ്ങിനെ പറയാൻ അറിയാഞ്ഞിട്ടല്ല…….അവരെന്തെങ്കിലും കുത്തിത്തിരിപ്പുണ്ടാക്കിയാൽ അതുപിന്നെ നമ്മടെ ചാനൽ റൈററ്സിനെക്കൂടി ബാധിക്കുന്ന കാര്യമായതുകൊണ്ടാണ്.’

‘ഉട്നെത്തന്നെ ഇന്റർവ്യൂ വേണമെന്ന് അവർക്കെന്തണിത്ര വെപ്രാളം?’

‘കഴിഞ്ഞയഴ്ച സാറെഴുതിയ കുറിപ്പ് എന്തോ വിവാദമായല്ലോ അതിന്റെ വാലുമ്മെ തൂങ്ങാനാണെന്നാണ് സംസാരത്തിനിടെ എനിക്ക് മനസ്സിലായത്. അതോണ്ടല്ലേ ഞാൻ കോളെടുക്കാതെ കട്ടാക്കിയത്. പിന്നെ ഞാൻ പറയുന്നതുകൊണ്ട് സാറിനൊന്നും തോന്നരുത്. നമുക്ക് നേരിട്ടറിവുള്ളതിനെപ്പറ്റിയൊക്കെ പറഞ്ഞാലും എഴുതിയാലും മതി സാറെ. അല്ലെങ്കിൽപ്പിന്നെ അവിടെയും ഇവിടേയും തൊടാതെ എന്തെങ്കിലും പറഞ്ഞുമാറണം. പഴയ കാലമൊന്നുമല്ല. ആളുകളുടേ പ്രതികരണമൊക്കെ പെട്ടെന്നാണ്. എവിടെയെങ്കിലും നാല് പോസ്റററു വലിച്ചു കീറലും ഏതെങ്കിലും തീയേറററിന് നേരെ കല്ലേറും ഉണ്ടായാൽ മതി പടം പിന്നെ പെട്ടീലിരിക്കും.’

‘മുടിയാൻ നേരത്തിനി അങ്ങിനെയൊന്നിന്റെ ഒരു കുറവുകൂടിയേ ഉള്ളു.’

അത്രയും പറഞ്ഞു നിർത്തിക്കൊണ്ടയാൾ വിസ്കി നിറച്ച ഹിപ് ഫ്ലാസ്ക് ചുണ്ടോടുമുട്ടിച്ചു. ശ്വാസമെടുക്കാനുള്ള  ഇടവേളപോലുമില്ലതെ മുക്കലേമുഴുവനും കാലിയക്കിക്കൊണ്ടാണ് പിന്നെയത് വർഗീസ്ന്റെ കൈയിൽ തിരികെകിട്ടിയത്. അതെടുത്തുവെച്ചശേഷം വർഗീസ് വണ്ടി പിന്നെയും മുന്നോട്ടേടുത്തു.

‘വറ്ഗീസേ……..ലോകവും ജീവിതവുമൊക്കെ വെളിച്ചത്തിന്റേതുമാത്രമാണെന്നാണ് ഞനും താനുമൊക്കെ കരുതിയത് അല്ലേ?’

‘എന്താണു സാറേ ഇപ്പൊഴിങ്ങനെയൊക്കെ ചോദിക്കുന്നത്?’

‘നീ ചോദിച്ചതിനുത്തരം പറ.’

‘സാറ് പറഞ്ഞോ…….ഞാൻ കേൾക്കുന്നുണ്ട്.’

‘എടാ…..മുഖത്തുവീഴുന്ന വെളിച്ചത്തേക്കുറിച്ചും ക്യാമറായിൽ പതിയേണ്ട മുഖത്തെക്കുറിച്ചും

 

അതിന്മേലുള്ള മിനുക്കുപണികളേക്കുറിച്ചും സംവിധായാകന് വേണ്ട ഭാവങ്ങളേക്കുറിച്ചും മാത്രമാണ് നമ്മളോക്കെ ഇതുവരെ ചിന്തിച്ചിരുന്നത്…….പക്ഷേ അതൊന്നുമല്ല …..ഇവിടെ ഇരുട്ടുണ്ട്……ജീവിതം വെളിച്ചത്തിന്റെ മാത്രമല്ല, ഇരുട്ടിന്റെയും കലയാണ്. ഇരുട്ടെന്നാൽ തീയേറ്ററിലെ സ്ക്രീനിന്റെ വെട്ടത്തിലേക്ക് കണ്ണുനട്ടിരിക്കുന്ന കാണികളെ മറച്ചിരിക്കുന്ന ഇരുട്ടല്ല. ശരിക്കുമുള്ള ഇരുട്ട്…….കണ്ണുംകെട്ടി മുറിയിലടച്ചിരുന്ന അഞ്ചെട്ടുദിവസം ഞാൻ ആലോചിച്ചത് അതിനേക്കുറിച്ചാണ്. സാക്ഷാൽ അന്ധകാരം……നിനക്ക് മനസ്സിലായോ?’

‘എനിക്ക് ശരിക്കും മനസ്സിലായില്ല.’

‘നീയിങ്ങനെ തേച്ചും മിനുക്കിയും തിളങ്ങിപ്പിക്കുന്ന എന്റെയീ മുഖമില്ലേ…….’

‘അതെന്റെ തൊഴിലല്ലേ സാറേ……’

‘അതുതന്നെ. ആ മുഖം ….. എവിടെവെച്ചുകണ്ടാലും എല്ലാരും തിരിച്ചറിയുമെന്നും ആരാധനയോടെ ഉറ്റുനോക്കുമെന്നും കരുതിയിരുന്ന ഈ മുഖം. അതൊരിക്കൽ പോലും കാണാൻ സാധിക്കാത്തവരുടെ അന്ധകാരലോകത്തൈഞ്ഞ്ക്കുറിച്ച് മാത്രമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാൻ ചിന്തിക്കുന്നത്. അങ്ങിനെയൊരു ലോകം മനസ്സിൽ തെളിയുമ്പോൾ അതുവരെ നമ്മള് കണ്ടകാഴ്ച്കളും ആളുകളും പെരുമാറ്റങ്ങളുമൊക്കെ അങ്ങിനെത്തന്നെയാണോയെന്ന് സംശയം ഉണ്ടാകും. പിന്നെപ്പിന്നെ അങ്ങിനെയല്ലെന്ന് തീർച്ചപ്പെടുത്തലുണ്ടാകും.’

‘സാറ് നല്ല മൂഡിലായിട്ടുണ്ട്. നമുക്ക് വേണമെങ്കില് വണ്ടിയൊന്ന് ചുറ്റിക്കറക്കിയാലോ?’

‘വേണ്ടാ…..വണ്ടി ചുറ്റിച്ചിട്ടെന്താകാനാണ്? കണ്ണുതുറന്ന് പുറത്തെ കഴ്ചകള് കാണാൻ പറ്റിയാലല്ലേ കറങ്ങിയതുകൊണ്ടെന്തെങ്കിലും ഗുണമുള്ളു. അവനവന്റെ ഉള്ളിലോട്ടു നോക്കി ഇരുട്ടിൽ കുത്തിയിരിക്കുന്നവന് വണ്ടിയിലായാലെന്ത് വീട്ടുമ്രിയിലായാലെന്ത്? നീ നേരെ വീട്ടിലോട്ടുവിട്. അമ്മയീടെ മകന്റെ മോളുടെ മാരിയേജ് റിസെപ്ഷനുണ്ട്. ഇന്നണെങ്കില് ആ ഡ്രയ്‌വർ എത്തിയിട്ടില്ല. നീ വേണം

വീട്ടുകാരെയൊന്നവിടെവരെ കൊണ്ടുവിടാൻ.’

‘അപ്പ സാറ് പോണില്ലേ?’

‘ഞാനോ? ഈ കോലത്തിലോ? നന്നായി. പിന്നേയ്……ഞനീ പറഞ്ഞതൊന്നും വിസ്കിയുടെ തരിപ്പിന്റെ പുറത്തുള്ള വിടുവായിത്തരമാണെന്ന് നീ പുച്ഛിക്കണ്ട….’

‘അയ്യോ ഞാൻ കളിയാക്കിയതല്ല.’

‘കളിയായാലും കാര്യ്മായാലും കാലം കുറേയായി ഉള്ളിലുള്ളതൊക്കെ ഞനൊന്നെടുത്ത് പുറത്തേക്കു കൊട്ടിയെന്നേയുള്ളു. ചിലപ്പൊഴൊക്കെ മാറിനടന്ന് ക്യാമറയില്ലാത്തപ്പോൾ കൂറ്ടുതൽ അഭിനയിച്ച് മീശരോമമൊന്ന് നരച്ചാലോ തൂക്കമൊരിത്തിരി കൂടിയാലോ വയൊറൊരല്പം ചാടിയാലോ ഒക്കെ ഭയന്നു വിറച്ചും സകലരെയും സകലതിനെയും സംശയിച്ചും പേടിച്ചുമിങ്ങിനെ …. അടുത്ത പടം പൊട്ടുമോ അതോ കാശുവാരുമോയെന്നുള്ള ആധി വേറെയും.’

‘ഇതൊക്കെ ഈ ഇൻഡസ്ട്രിയിലെ പതിവുകളല്ലേ സാറേ?’

‘എന്തണീ പതിവുകൾ? ഈ കാട്ടിക്കൂട്ടലൊക്കെ വെറുതെയാണെന്ന് ചിലപ്പോൾ തോന്നും. കണ്ണിന് വയ്യായ്കയില്ലെങ്കിൽ ഇന്ന് കോലവുംകെട്ടി ഞാനെന്റെ ഇപ്രായം കുറഞ്ഞ അവനൊക്കെയാകും അവിടെ മുതിർന്നോര്. അവന്റെ മക്കളൊക്കെയാണ് സമപ്രായക്കാരെന്നപോലെ എന്നോട് പെരുമാറുന്നത്. അവരുവന്ന് കൈപിടിച്ചു കുലുക്കും, തോളിൽ കൈയിട്ട് കള്ളടിക്കാൻ വിളിക്കും, അവരുടെയൊക്കെ തന്തമാരേക്കാളും പ്രായമുണ്ടെനിക്കെന്ന കാര്യം മറക്കും. നിനക്കറിയോ? ആറു വയസ്സിന് ഇളയവനാണെന്റെ അനിയൻ. പക്ഷേ കല്യാണപ്പന്തിയിലും സമുദായപ്രമാണിമാർക്കിടയിലുമൊക്കെ അവനാണ് കാർന്നോര്. വലിയതുകയൊക്കെ സംഭാവന കൊടുക്കണതിന്റെയൊരു ബഹുമാനമേ എന്നോടുള്ളു. വല്ലാണ്ട് ചായം തേച്ചു മിനുക്കി മറച്ചുപിടിച്ച് നടക്കണ ഈ പ്രായമുണ്ടല്ലോ, അതൊരുതരത്തിൽ പറഞ്ഞാല് അരഞ്ഞണത്തിന്മേൽ ചുറ്റിയ പാമ്പിനെപ്പോലെ പെരുമാറിക്കളയും.’

‘അതിലഭിമാനിക്കുകയല്ലേ വേണ്ടത്? അറുപതുവയസ്സുണ്ടെന്ന് ആരെങ്കിലും സാറിനെ കണ്ടാൽ പറയുമോ? ഈ കണ്ണിലെ കെട്ടും പിടിയും മരുന്നുമൊക്കെയൊന്ന് ഒഴിയട്ടെ. ഈ ലോകത്തീന്ന് ഞാ‍ൻ വീണ്ടും സാറിനെ ഒരു മുപ്പത്തഞ്ച് വയസ്സിലേക്ക് മടക്കിയെത്തിക്കും. അതില് സംശയമുണ്ടോ?’

‘എന്നിട്ടെന്തിനാണാവോ? വയസ്സിയായ തനിക്കിപ്പോൾ ഒരു ചെറുപ്പക്കാരനുമായി ഒളിസേവ ചെയ്യുന്നതുപോലെയാണ് തോന്നുന്നതെന്ന സ്വന്തം കിടപ്പറയിലെ  ഇഴുകുന്ന രഹസ്യം കേട്ട് എല്ലാം പാതിയിൽ നിർത്തി ചുരുണ്ടുകിടക്കാനോ? അതോ…..അതോ മക്കളുടെ പ്രായമുള്ള പെമ്പിള്ളേരുടെ കണ്ണിലെ ആരാധനേം പ്രേമൊം കൂടിക്കലർന്ന നോട്ടം കണ്ടില്ലെന്നുനടിച്ച് ചൂളിയിരിക്കനോ?’

വർഗീസ് മറുപടിയൊന്നും പറഞ്ഞില്ല. ഒരു തലയിളക്കലോ മൂളലോകൊണ്ടുമാത്രം പരസ്പരം കാരിയങ്ങൾ മനസ്സിലാക്കുന്നയത്ര അടുപ്പത്തോടെ അഭിനയ ജീവിതത്തിലെ രഹസ്യസൂക്ഷിപ്പുകാരനായി വർഷങ്ങളായി നിഴലുപോലെ കൂടെയുണ്ടെങ്കിലും അത്തരമൊരു തുറന്നു പറച്ചിൽ വർഗീസിനെപ്പോലും ചെറുതായൊന്നു നടുക്കിക്കളഞ്ഞു. തങ്ങൾക്കിടയിലെ ബന്ധത്തിന് വഴങ്ങാത്ത ചില  മനോരഹസ്യങ്ങളാണ് മദ്യലഹരിയിലങ്ങിനെ നുരപൊങ്ങിവന്നതെന്ന്തിരിച്ചറിഞ്ഞതും ഇരുവരും മൌനം പാലിച്ചു. അതുണ്ടാക്കിയ നിശബ്ദതയുടെ മുറിവ് താങ്ങാനാകാതെ വന്നപ്പോൾ വർഗീസ് മ്യുസിക് സിസ്റ്റം ഓൺ ചെയ്തു. താൻ ചുണ്ടനക്കിയഭിനയിച്ച ഒരു പഴയ പാട്ടിന്റെ ഇമ്പത്തിൽ മുഴുകി തലയിളക്കിക്കൊണ്ട് പുറകിലെ സീറ്റിലെ യാത്രക്കാരൻ വീടെത്തുന്നതു വേദനതെല്ലൊന്നുമറന്ന് അശ്വാസം പൂണ്ടു.

വീട്ടിലെല്ലാവരും വിവാഹവിരുന്നിനു പോകാൻ തയ്യാറായി കാത്തിരിക്കുകയാണ്. ഭാര്യയും മരുമക്കളുമൊക്കെ മുൻകൂട്ടി ഒരുക്കം തുടങ്ങിയിരുന്നു. അനുജനും കുടുംബവും നേരത്തേ വന്നിട്ടുണ്ട്. മകളും ഭർത്താവും പേരക്കുട്ടിയും കുഞ്ഞിനെ നോക്കാൻ നിർത്തിയിരിക്കുന്ന സ്ത്രീയുമൊക്കെ എത്തിയിരിക്കുന്നു. അനുജന്റെകൈലിരിക്കുന്ന ഒന്നരവയസ്സുകാരിയുടെ കാലിലെന്തൊ മുറിവ് വെച്ചുകെട്ടിയിട്ടുണ്ട്. കുഞ്ഞിന്റെ തലയിൽ തഴുകിക്കൊണ്ട് മകളുടെനേരെ മുഖം തിരിച്ചുകൊണ്ടയാൾ വേദന സഹിച്ചും ഒററക്കണ്ണ് മുഴുക്കെ തുറന്നു.

‘മോൾക്കെന്തുപററിയെടീ?’

‘ഭക്ഷണം കഴിക്കുമ്പോൾ വാശിപിടിച്ച് അവളുടെ ടോയികാറിന്റെമേലെ അമർത്തി ചവുട്ടിയതാ. അതിന്റെ പ്ലാസ്ററിക്ക് പൊട്ടി കാലിൽ കുത്തിക്കയറി.’

‘നല്ലോണം മുറിവുണ്ടോ?’

‘രണ്ട് സ്ററിച്ചുണ്ട്.’

‘എപ്പോഴാണ് സംഭവിച്ചത്?’

‘മിനിഞ്ഞാന്നുവൈകിട്ട്.’

‘എന്നിട്ടെന്തേ എന്നോടാരും ഇതുവരെയൊന്നും പറയാഞ്ഞത്?’

‘ഇപ്പോത്തന്നെ പപ്പയ്ക്ക് അത്യാവശ്യത്തിന് ടെൻഷനും മരുന്നും ഒക്കെയുണ്ട്. ഇനി മോൾടെ കാര്യം കൂടി അറിയിച്ച് ആധി കൂട്ടണ്ടാന്ന് ഞാൻ തന്നെയാണ് എല്ലാരോടും പറഞ്ഞത്.’

അവസാന ആശ്രയമെന്നോണം അയാൾ വർഗീസിനെ നോക്കി.

‘ഇനി വയ്യാത്ത കണ്ണും ഉരുട്ടിക്കൊണ്ട് വർഗീസങ്കിളിനെ പേടിപ്പിക്കണ്ട. ആ പാവത്തിനോടും ആരുമൊന്നും പറഞ്ഞിട്ടില്ല.’

ഇതൊന്നുഅറിയത്തമട്ടിൽ ഒന്നരവയസ്സുകാരി അയാളുടെ അനുജന്റെ കുടവയറിന്

മേലേ ചെരിഞ്ഞിരുന്ന് നരച്ച മീശ പിടിച്ചുവലിച്ചുകൊണ്ടിരുന്നു. അതവരുടെ സ്തിരം കളിയാണ്. ഇരുകൈകൊണ്ടും എടുത്തുയർത്തി കുടവയറിന് മേലെ ഇരുത്തി കുലുക്കുമ്പോൾ കുഞ്ഞിക്കൈകൊണ്ടു മീശ പിടിച്ചുവലിച്ചുകൊണ്ടവൾ      ‘മ് മ്പ്ച്ച……മ് മ്പ്ച്ച….’ എന്ന് നീട്ടിവിളിക്കും. കുഞ്ഞിനെയെടുത്തുകുലുക്കുന്നയാളപ്പോൾ മററാർക്കും മനസ്സിലാകാത്തൊരു രഹസ്യസംബോധന തിരിച്ചറിഞ്ഞതുപോലെ ഉള്ളുനിറഞ്ഞ് പുഞ്ചിരിക്കും. അനുജനും തന്റെ പേരക്കുട്ടിയും തമ്മിലുള്ള കുസ്രുതിയിൽ തെല്ലൊന്ന് അസൂയപൂണ്ട ചേട്ടനൊരിക്കൽ ആരും കാണാതെ അതുപോലൊന്ന് ചേഷ്ട കാണിച്ചുനോക്കിയെങ്കിലും കുഞ്ഞതിന് വഴങ്ങാതെ ചിണുങ്ങിക്കരയാൻ തുടങ്ങിയപ്പോൾ പെട്ടെന്നുതന്നെ താഴെയിറക്കി നിർത്തി. അസൂയക്ക് പകരം അനുജനോട് നല്ല നീരസം തന്നെയപ്പോൾ തോന്നിയെങ്കിലും പിന്നീടവരുടെ കുസ്രുതിക്കളി അനുകരിക്കാൻ ശ്രമിച്ചിട്ടില്ല.

‘നിങ്ങളെല്ലാവരും ഒരുങ്ങിക്കെട്ടിയിട്ടും മോൾക്കെന്താ ഈ വേഷം?’

‘അതിനവളേ കൊണ്ടുപോകുന്നില്ല. കാല് നിലത്തുകുത്താൻ പററില്ലല്ലോ? പിന്നെയീക്കല്യാണത്തിരക്കിന്റെ ഇടയില് ഫുൾടൈം എടുത്തോണ്ടുനടക്കാനും പ്രയാസാവും. എവിടെയെങ്കിലുമൊക്കെ തട്ടി ഇനി സ്ററിച്ചിളകിയാലത് മതി. മോളേ ഗ്ര്യെസി നോക്കിക്കൊളും. അവരിവിടെ നിന്നോട്ടെ.’

‘അവരുമാത്രമാക്കണ്ട, ഞാനുമുണ്ട്. ‘അപ്പൊ പപ്പ റിസപ്ഷനുവരുന്നില്ലേ?’

‘തീരെ വയ്യ. ഞാനില്ല.’

‘വയ്യയ്ക മത്രമല്ല. നല്ലോണം മണമടിക്കുന്നുണ്ട്. ചോദിക്കുമ്പോൾ ഒഴിച്ചുകൊടുക്കണേന് വർഗീസങ്കിളിനെ പറഞ്ഞാൽ മതിയല്ലോ.’

‘അയ്യോ മോളെ ഇക്കര്യത്തിലെന്നെ കുറ്റപ്പെടുത്തല്ലേ. പറഞ്ഞതനുസരിച്ചില്ലെങ്കിൽ  ബഹളംവെച്ചു വണ്ടിയിൽനിന്നിറങ്ങിക്കളയും.  സാറ് നടുറോഡിലിറങ്ങി നടന്നലുണ്ടാകുന്ന ആൾക്കൂട്ടവും പെരുന്നാളും ഞാനായിട്ട് പറഞ്ഞുതരണ്ടല്ലോ?’

‘ആവിടംവരെ ചെന്നൊന്ന് മുഖം കാണിച്ചിട്ട് വാ പപ്പാ.’

‘അതിനെന്റെ മുഖമിപ്പോൾ എല്ലാവരെയും കാണിക്കാൻ പററുന്നപരുവത്തിലല്ലോ?’

എനിക്കാണെങ്കിൽ ആരെയുമൊട്ട് ശരിക്ക് കാണാനും വയ്യ. അപ്പോൾപിന്നെന്തിനാ അവരുടെമുന്നിൽ വെറുതെ ഒരഭിനയം? വർഗീസ് നിങ്ങളെ കൊണ്ടുചെന്നാക്കും.’

‘വയ്യാതിരിക്കുന്നേരത്ത് പപ്പ ഇവിടെ ഒററയ്ക്കോ? അത് വേണ്ടാ.’

‘എന്നലൊരുകാര്യം ചെഅയ്യാം……നിങ്ങളുപൊക്കോ, ഞാനിവിടെ കൂട്ടിരിക്കാം.’

‘നീ വെറുതെ പതിവ്രത കളിക്കാതെ. ഞാനോ ചെല്ലുന്നില്ല. നീയും കൂടിപോയില്ലെങ്കിൽ അവർക്ക് വിഷമമാകും. ഞാൻ ഷൂട്ടിങ്ങിലാണെന്ന് പറഞ്ഞാൽ മതി.’

‘എന്നാപ്പിന്നെ ഞാനും മോളും ഇവിടെ നിൽക്കാം പപ്പാ. എന്തയാലും അവൾക്കും കാലിനുവയ്യല്ലോ?’

‘ഞാൻ പറയുന്നതൊന്ന് കേൾക്ക്. നിങ്ങളെല്ലാവരും ചെല്ല്. എനിക്കങ്ങിനെയിപ്പോൾ വലിയ കുഴപ്പമൊന്നുമില്ല. പിന്നെ ഞാൻ തനിച്ചൊന്നുമല്ലല്ലോ? കുഞ്ഞിനെ നോക്കാനായിട്ട് ഗ്രേസിയില്ലേ? എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ അവരോട് പറഞ്ഞോളാം.’

‘മറുപടിയെന്തോ പറയാൻ ഒരുങ്ങിയ മകളെ അയാൾ കൈയുയർത്തി വിലക്കി. തന്റെ തോളിലമർന്ന കൈയ്യിന്മേൽ പിടിച്ചുകൊണ്ട് വർഗീസ് അയാളെ കിടപ്പുമുറിയിലെത്തിച്ചു. കട്ടിലിൽ ഇരുത്തിയ ശേഷം എയർകണ്ടീഷനർ ഓൺ ചെയ്തുകൊടുത്തു. പാതിയടർത്തിയ ഐ പാച്ചിനിടയിലൂടെ മരുന്നിറ്റിച്ച ശേഷം മുറിവിട്ടിറങ്ങവേ പിൻവിളിവന്നു.

‘വർഗീസേ അവരെയവിടെ കൊണ്ടുവിട്ടിട്ട് പെട്ടെന്നിങ്ങോട്ട് വരണം. നമുക്ക് കുറച്ച് സംസാരിക്കനുണ്ട്.’

‘എന്തണാവോ കാര്യം?’

‘അന്നാ കൊളേജിലെ ഫൈററ് സീൻ എടുക്കുന്ന ദിവസം നമ്മളായിട്ട് കശപിശയുണ്ടായ ഡറക്ടർ പയ്യനില്ലേ……..മററാരെങ്കിലും വഴി അവനെയൊന്ന് മുട്ടി നോക്കണം.’

‘ആ കേസ് നമ്മളുതന്നെ വിട്ടതല്ലേ സാറേ?’

‘പിന്നീടാലൊചിച്ചപ്പോൾ ആ സ്ബ്ജക്ററ് കൊള്ളാമെന്ന് തോന്നി. അങ്ങിനെയൊരു വയസ്സൻ പോലീസുകാരന്റെ റോൾ ചെയ്യാനുള്ള മൂഡിലാണ് ഇപ്പോൾ ഞാൻ.’

‘ഒന്നൂടെയാലോചിച്ചിട്ട് പോരേ?’

‘സിനിമേടെ കാര്യത്തില് കൂടുതൽ ആലോചിച്ചൊന്നും നടക്കില്ലെന്ന് നിനക്കറിയില്ലേ? പ്രൊഡ്യൂസർ റെഡിയെങ്കില് ആ പ്രൊജക്ററ് പെട്ടെന്നുതന്നെ ചെയ്യാവുന്ന വിധത്തില് കര്യങ്ങളൊപ്പിക്കണം. നമുക്കതിന്റെ മേലൊന്ന് ഇരിക്കാനുണ്ട്. താനവരെ  കല്യാണവീട്ടില് കൊണ്ടുചെന്നുവിട്ടിട്ട് പെട്ടെന്നിങ്ങു വാ. അതുവരെ എനിക്കൊന്ന് മയങ്ങണം.’

മുറിയുടെ വാതിൽ ചാരിയശേഷം പുറത്തിറങ്ങിയ വർഗീസ് ഉമ്മറത്തെത്തുമ്പോഴേക്കും വീട്ടുകാരെല്ലാം വണ്ടിയിൽ കയറിക്കഴിഞ്ഞിരുന്നു.

തിളങ്ങുന്ന കത്തിയുടെ മൂർച്ച നെഞ്ചിലേക്ക് തറച്ച  നിമിഷത്തിലാണ് അയാൾ ഞെട്ടിയുണർന്നത്. കണ്ട്ത്  സ്വപ്നമാണെന്ന് തിരിച്ചറിയാൻ വലതുകണ്ണും പൊത്തി നാലഞ്ചു നിമിഷം തരിച്ചിരിക്കേണ്ടിവന്നു. മർദിച്ചവശനാക്കിയശേഷം തൂണിൽ കെട്ടിയിട്ടിരിക്കുന്ന നായകന്റെ നെഞ്ചിലേക്കാഴ്ന്നിറങ്ങിയ കത്തിയിന്മേൽ പിടിമുറുക്കിയിരുന്നത് ആദ്യകാലത്ത് അയാൾ അഭിനയിച്ച സിനിമകളിലെ സ്ഥിരം വില്ലനായിരുന്നു. പ്രയമായി കിടപ്പിലായ ആ വില്ലൻ ഏറെനാൾ നരകിച്ചൊടുക്കം ജീവിതാഭിനയത്തിന്റെ വെള്ളിത്തിര വിട്ടൊഴിഞ്ഞിട്ടിപ്പോൾ കൊല്ലം പത്തുപന്ത്രണ്ടയിക്കാണും. ആ വയ്യാക്കിടപ്പിലും ആയതുപോലൊക്കെ താൻ സഹായിച്ചിട്ടേയുള്ളു. എന്നിട്ടുമെന്തേ ഓർമയുടെ മുരത്ത മുനയൊന്നുവന്നു ഹ്രിദയത്തിൽ തറച്ചതെന്നതിന്റെ ആധിയിൽ തൊണ്ടകെട്ടി. വെള്ളമെടുത്തുകൊണ്ടുവരുന്നതിനായി നാലഞ്ചുതവണ പരവേശത്തോടേ ഉറക്കെ വിളിച്ചെങ്കിലും ഗ്രേസിയുടെ മറുപടിയൊന്നും കേൾക്കാൻൻഅപ്പോൾ ഒരു വിധം തപ്പിത്തടഞ്ഞെഴുനേററ് അയാൾ മുറിക്കു പുറത്തിറങ്ങി. ടെലിവിഷനിലെ മലയാളം മ്യൂസിക് ചാനലിൽ മുഴങ്ങുന്ന പാട്ടിനൊത്ത് തലയിളക്കിചിരിക്കുന്ന ഒന്നരവയസ്സുകാരിക്ക് കുപ്പിപ്പാൽ കൊടുക്കുകയായിരുന്നു ഗ്രേസി. അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഇത്രയുമൊച്ചയിൽ വെച്ചിരിക്കുന്ന ടിവിയും കണ്ടുകൊണ്ടിരിക്കേ അടച്ചിട്ടമുറിയിൽനിന്ന് ആരു വിളിച്ചാലും കേൾക്കാൻ പ്രയാസം. അരികത്ത് ആൾപെരുമാറ്റം തിരിച്ചറിഞ്ഞതും ഗ്രേസി ടെലിവിഷന്റെ ശബ്ദം കുറച്ചശേഷം കുഞ്ഞിനെയുമെടുത്ത് എഴുനേറ്റു. ഇടനെഞ്ചു ചെറുതായൊന്ന് കുലുക്കിത്തിരുമ്മിക്കൊണ്ടയാൾ സോഫയിൽ ഇരുന്നു.

‘കുറച്ച് വെള്ളം വേണം ഗ്രേസീ.’

‘പാല് തിളപ്പിച്ചതൊണ്ട്. ഞാൻ ചായ എടുക്കട്ടെ?’

‘എന്നാൽപിന്നെ ചൂടു ചായതന്നെ ആയിക്കോട്ടെ. നല്ല കടുപ്പത്തില്……’

കുഞ്ഞിനെയും ഒക്കത്തെടുത്ത് അടുക്കളയിലേക്കു ചെല്ലാനൊരുങ്ങിയ ഗ്രേസിയെ

അയാൾ വിലക്കി.

‘അവളേയുംകൊണ്ട് ഗ്യാസടുപ്പിന്റെ അടുത്തേക്ക് ചെല്ലണ്ടാ. ഇങ്ങോട്ട് താ…ഞാൻ കളിപ്പിച്ചോളാം.’

ഒട്ടൊരപരിചിതത്തോടെ മുഖം ചുളിച്ചു നിന്നവളേ വാരിയെടുത്ത് മടീയിലിരുത്തി. ഗ്രേസി അടുക്കളയിലേക്ക് മറഞ്ഞതും ചുണ്ടുപിളർത്തി ചിണുങ്ങാൻ തുടങ്ങിയവളുടെ ശ്രദ്ധമാററാൻ ടെലിവിഷനിലെ പട്ടിലേക്ക് വിരൽ ചൂണ്ടിക്കണിച്ചു. പട്ടുതീർന്ന് പരസ്യത്തിന്റെ ഇടവേളയായതോടെ വീണ്ടും പിണങ്ങിക്കരയാൻ ഒരുങ്ങിയവളെ പതുക്കെ എടുത്തുയർത്തി.  ചിട്ടയോടെ വ്യായാമം ചെയ്തു മടക്കുവീഴാതെ സൂക്ഷിക്കുന്ന ഒതുങ്ങിയ വയറിന്മേൽ അയാൾ കുഞ്ഞിനെ കയററിയിരുത്തി. ആകാവുന്നിടത്തോളം ശ്വാസം അകത്തേക്കെടുത്തുപിടിച്ചു വീർപ്പിച്ചശേഷം അനുജൻ ചെയ്യുന്നതുപോലെ കുമ്പകുലുക്കിക്കളിപ്പിക്കുന്നേരത്താണ് ഇടനെഞ്ചിനകത്ത് വീണ്ടുമൊരു വലിച്ചിലുണ്ടായത്. രണ്ടുപേരും സോഫയിൽനിന്ന് കെട്ടിമറിഞ്ഞു താഴേക്കുവീണുരുളുമ്പോഴും അതൊരു പുതിയ കളിയാണെന്നാണ് കുഞ്ഞുകരുതിയത്. ശ്വാസമെടുക്കാൻ പ്രയാസപ്പെടുന്നതിനിടയിൽ ഗ്രേസിയേ വിളിക്കാനൊരു ശ്രമം നടത്തിയെങ്കിലും ഒച്ച പുറത്തുവന്നില്ല. അയാൾക്ക് ഏററവുമൊടുവിലത്തെ തവണ ദേശീയപുരസ്കാരം നേടിക്കൊടുത്ത കഥാപാത്രമായ കഥകളിയാശാൻ അരങ്ങത്ത് പൂതനാമോക്ഷം അവതരിപ്പുക്കുന്ന പാട്ടായിരുന്നു പരസ്യത്തിനുശേഷം ടിവിയിലപ്പോൾ. തറയിൽ വീണു മലർന്നു കിടക്കുന്ന മുത്തച്ഛന്റെ മാറിലേക്ക് നിരങ്ങിനീങ്ങിക്കൊണ്ട് ഒന്നരവയസ്സുകാരി പൊട്ടിച്ചിരിച്ചു. നെഞ്ചുവേദനിച്ച് ശരീരമാകെകോച്ചുവലിച്ചു വിയർക്കുമ്പൊഴും ടിവി സ്ക്രീനിലെ കഥകളിനടന്റെ ഭാവപ്പകർച്ചയാണയാൾ അകമേ ആവാഹിച്ചത്. മുല കുടിച്ചുവററിച്ചശേഷവും ക്രീഡ തുടരുന്ന ഉണ്ണിയുടെപീഡകളേററു വലയുന്നതിനുമുൻപായുള്ള പൂതനയുടെ സമർപ്പണം നടുത്തളമാകെ മുഴങ്ങിക്കേട്ടു.

പല്ലവ മൃദുലമാകും പാദം പാണികൊണ്ടെടുത്തു…..

മെല്ലവേ മുഖത്തണച്ചു മന്ദം പുഞ്ചിരിതൂകുന്നു……

പൈതലേ നിനക്കു പാരം പൈദാഹമുണ്ടെന്നകിലോ….

പ്രീതിയോടെന്മുലകളെ താത പാനം ചെയ്തീടുക.

കഥകളിവേഷക്കാരൻ തന്റെ മാറിൽ വിഷം പുരട്ടിയ വിരലുഴിഞ്ഞ് ചതിപ്രയോഗത്തിനായി ഒരുങ്ങുന്നേരത്ത് അയാൾ ആ മുദ്രയനുകരിച്ച് നഞ്ചുഴിഞ്ഞു പിടയുകയായിരുന്നു.

കുഞ്ഞികുസൃതിയുടെ കൌതുകം അയാളുടെ വലതുകണ്ണിനു മേലെയുള്ള പഞ്ഞിയൊട്ടിപ്പ് പറിച്ചെടുത്തു. മുഖത്താകെ പരതിയശേഷം കുരുന്നു കൈവിരലുകൾകൊണ്ട് നരവീൺ മീശരോമങ്ങളെ പിഴിതുവലിക്കുന്നേരം അയാൾ ആ സംബോധന വ്യക്തമായി കേട്ടു.  ‘മ് മ്പ്ച്ച……മ് മ്പ്ച്ച….’.

അടച്ചുകെട്ടിവെച്ച പഴുപ്പുള്ള കണ്ണിലേക്ക് വെളിച്ചം കയറിയ നിമിഷത്തിൽ അയാൾ സകല വേദനയും മറന്നെന്നപോലെ കുട്ടിക്കുറുമ്പിനു പൂർണമായും വിധേയനായി കിടന്നുകൊടുത്തു. പലകാലത്തും പലയിടത്തുമായി ഓലകെട്ടിമറച്ച കൊട്ടകകളിലും, ചുവപ്പുകസേരകൾ നിറഞ്ഞ തീയേറററുകളിലും, ശീതീകരിച്ച മൾട്ടിപ്ലക്സുകളിലുമെല്ലാം ഇരുളിലിരുന്ന് ആർപ്പുവിളിച്ച മറഞ്ഞു അനേകലക്ഷങ്ങളെ വെള്ളിവളിച്ചത്തിലിരുന്ന് കണാതെ കണ്ട ആ കൃഷ്ണമണികൾ അന്നേരം മേലോട്ടുമറഞ്ഞു.

 

ഘോഷയാത്ര

സംമ്പ്രീത

ശവഘോഷയാത്ര പോകുന്നു.
മൃതിയേത്? മുഖമേത്? ബന്ധുക്കളേതെന്നു
വെറുതേ തിരക്കുന്നതാരോ?
മിഴികൾ മയങ്ങിക്കിടന്നു ഞാൻ നോക്കവേ
ദൂരങ്ങൾ പിന്നിലോടുന്നു
ശവഘോഷയാത്ര പോകുന്നു…………

ആരോകുഴിച്ച മണ്ണടരിലേക്കിന്നു ഞാ-
നീയാത്ര കണ്ടു നീങ്ങുന്നു …….
ഈ പെട്ടിയിൽ നറുംകൈതമണക്കുന്നു…….
കോടിക്കിനാവു പൂക്കുന്നു……

ആരുടെ ചുമൽ വലിക്കുന്നിതെൻ ഭാരം
ആരുടെ വിലാപമാ വേർപ്പിലലിയുന്നു
ഏതു പൂവിൻ ഗന്ധമിപ്പോഴും വറ്റാതെ
നാസികയിലെത്തിനോക്കുന്നു…….
ഏതഗ്നിപർവതം നീർപ്പോയ്ക, വീഥിയിൽ
ഏതിൽ  ജീവന്റെ ബന്ധം?
ഏതെൻ മരത്തണൽ ഞാനെന്റെ ചിന്തയെ
വേറിട്ടു കാവൽകിടന്ന മാടം?
പോകുമ്പൊഴെന്തേ തിരിഞ്ഞുനോക്കാനെന്റെ
ദേഹം വൃഥാ മടിക്കുന്നു?
പോയദൂരങ്ങളെത്തേടാതെ കണ്ണുകൾ
പൂർണവുമടഞ്ഞുനിൽക്കുന്നു……….
ഒട്ടും വിശക്കാത്ത യാത്രയിലാരൊരാൾ
എട്ടണ നീട്ടിയെറിയുന്നു………
എത്തിപിടിക്കാതെ കൈകളെപ്പെട്ടെന്നൊ-
രച്ചടക്കം വിളിക്കുന്നു…….

കൊട്ടും, നിലയ്ക്കാത്ത
നൃത്തവും ചേർത്തെത്ര
ബന്ധുക്കളിന്നീ നിരത്തിൽ
പൂജിക്കുവാനെത്ര കൈകളാണീദിനം,
ഹാ മൃതൻ! ഭാഗ്യവാനീ ഞാൻ…….

***

To read the English Translation of the poem :

http://www.akshra.org/the-procession/

AKSHRA
error: Content is protected !!