പഠിക്കാനുള്ള കഴിവ്

Dr.H.parameswaran

പ്രതിവര്‍ഷം വിദ്യാര്‍ഥികളേയും അദ്ധ്യാപകരെയും പിഴിഞ്ഞെടുത്ത് നല്ല റിസല്‍റ്റ് നേടിയെടുക്കുന്നതില്‍ നിര്‍ബന്ധമുള്ള ഒരു പ്രൈവറ്റ് വിദ്യാലയം. അവിടത്തെ പ്രധാനാദ്ധ്യാപകന്‍റെ മുന്നില്‍ കൂപ്പിയ കൈകളോടെ നില്‍ക്കുന്ന മുനിയനെയും എല്ലമ്മയെയും അടുത്തുന്നെ ഒട്ടി നിന്നിരുന്ന മണിയെയും തലയുയര്‍ത്തി നോക്കുകയായിരുന്നു പ്രധാനാദ്ധ്യാപകന്‍

“തിരുമേനി! ഞങ്ങള്‍ രണ്ടുപേരും ഇവിടത്തെ കാര്‍പ്പറേഷനിലെ തെരുവുകള്‍ വൃത്തിയാക്കുന്ന തൊഴിലാളികളാണ്. രണ്ടുപേരും സ്കൂള്‍വിദ്യാഭ്യാസം ഇല്ലാത്തവരാണ്. മകനെങ്കിലും നല്ല വിദ്യാഭ്യാസം നല്‍കണം എന്നതാണ്‍ ഞങ്ങളുടെ ആഗ്രഹം. അങ്ങയുടെ ഈ സ്കൂളില്‍ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസമാണ് നല്കുന്നത് എന്ന് പറഞ്ഞു കേള്‍ക്കുന്നു. അതുകൊണ്ട് ഈ സ്കൂളില്‍ത്തന്നെ പഠിപ്പിച്ചുകളയാം എന്നതാണ് ഞങ്ങളുടെ മോഹം. അതിനായി അവനെയും കൂട്ടി  വന്നിരിക്കുകയാണ് ഞങ്ങള്‍. ഞങ്ങളോട് ദയവു തോന്നി ഇവന് ഇവിടത്തന്നെ പ്രവേശനം നല്‍കണമേന്നപേക്ഷിക്കുകയാണ്.

ഇത്രയും കേട്ട പ്രധാനാദ്ധ്യാപകന്‍റെ ചുണ്ടില്‍ ഉപേക്ഷനിറഞ്ഞ ഒരു പുഞ്ചിരി വിടര്‍ന്നു. അദ്ദേഹം പറഞ്ഞു “ഈ നഗരത്തിലെ ഏറ്റവും നല്ല സ്കൂളാണെന്ന്‍ പേരെടുത്തുള്ള ഈ സ്കൂളില്‍ കാര്‍പ്പറേഷനിലെ തൂപ്പുകാരായ നിങ്ങളുടെ മകന് പ്രവേശനമോ? ഇവിടെ പ്രവേശനം ലഭിക്കണമെങ്കില്‍ കുട്ടിയുടെ അച്ഛനമ്മമാര്‍ ബിരുദധാരികളായിരിക്കണം. നിങ്ങള്‍ ഒട്ടും വിദ്യാഭ്യാസമില്ലാത്തവരാണ്. അതുകൊണ്ട് മകനെ ഒരു തരത്തിലും സഹായിക്കുവാനാവുകയില്ല.

 

ഉടന്‍ തന്നെ മുനിയന്‍ പറഞ്ഞു – “ഞാന്‍ എന്‍റെ മകന്‍റെ കാര്യമല്ലേ പറഞ്ഞത് ! അവനെയല്ലേ പഠിപ്പിക്കേണ്ടത്! അതിന്‍ ഞങ്ങള്‍ പഠിച്ചിരിക്കണമെന്നെന്തിനാണ് പറയുന്നത്? ഞങ്ങള്‍ രണ്ടുപേരും നല്ലപോലെ പണിയെടുത്ത് പൈസ ഉണ്ടാക്കുന്നു. അവന്‍റെ ഫീസ് കൃത്യമായി അടച്ചുകൊണ്ടിരിക്കും.”

“ഞാന്‍ ഫീസിനെക്കുറിച്ചല്ല പറയുന്നത്. ഇവിടെ കൊടുക്കുന്ന ഗൃഹപാഠങ്ങള്‍ മനസ്സിലാക്കി അവന്‍ പറഞ്ഞുകൊടുക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുകയില്ലല്ലോ ?”

ഉടന്‍തന്നെ മുനിയന്‍ തിരിച്ചടിക്കുകയാണ് “ ഞങ്ങളുടെ കാശ് വാങ്ങിക്കൊണ്ട് നിങ്ങളല്ലേ പഠിപ്പിക്കാന്‍ പോകുന്നത്. ഞങ്ങളെന്തു പഠിപ്പിക്കാനാണ്? ഞങ്ങള്‍ ഫീസടയ്ക്കുന്നത് അതിനാണല്ലോ!’

മുനിയന്‍റെ എളിയ, ന്യായമായ ചോദ്യത്തിനു മുന്നില്‍ പ്രധാനാദ്ധ്യാപകന്‍റെ വായടഞ്ഞു പോയി. അല്‍പ സമയത്തിനുശേഷം അദ്ദേഹം പറഞ്ഞു – “ ഞാന്‍ അതല്ല പറഞ്ഞു വന്നത് വീട്ടിലിരുന്നു പഠിക്കുമ്പോള്‍ അവന് എന്തെങ്കിലും സംശയം തോന്നിയാല്‍ അവനെ സഹായിക്കുവാന്‍ അച്ഛനമ്മമാര്‍ക്ക് അത് പറഞ്ഞുകൊടുക്കുവാനുള്ള വിദ്യാഭ്യാസം വേണ്ടേ ?”

“അതെല്ലാം എന്‍റെ മകന്‍ സ്കൂളിലെ ടീച്ചറന്മാരോടു ചോദിച്ചു മനസ്സിലാക്കിക്കൊള്ളും.”

“ടീച്ചറോട് നേരിട്ട് ചോദിച്ചു മനസ്സിലാക്കണമെങ്കില്‍ പ്രത്യേകം ട്യൂഷന്‍ വയ്ക്കേണ്ടി വരും. എങ്കിലേ അവന് എല്ലാ പാഠങ്ങളും പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിയൂ. അതിന് പ്രത്യേകം ഫീസുകൊടുക്കണം.”

“സ്കൂളില്‍ നിങ്ങള്‍ കൊടുക്കുന്ന പാഠപുസ്തകങ്ങളിലെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സ്കൂളില്‍ ഫീസു വാങ്ങുന്നുണ്ടല്ലോ ! അതും കഴിഞ്ഞിട്ട് പ്രത്യേകം ഫീസു വാങ്ങുന്നതെന്തിനാണ്?”

മുനിയന്‍ ചോദിക്കുന്ന ചോദ്യം …. ! നല്ല ചൂടുള്ള യഥാര്‍ത്ഥങ്ങളല്ലേ ! പ്രധാനാദ്ധ്യാപകന്‍റെ അടുക്കല്‍ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല. ആ പ്രധാനാദ്ധ്യാപകന്‍ വിദ്യാഭ്യാസത്തെ കാശിനു വില്‍ക്കുന്ന ഒരു വ്യാപാര സ്ഥാപനത്തിന്‍റെ പണിക്കാരന്‍ മാത്രമല്ലേ ?

“എല്ലാം ശരിതന്നെ. പക്ഷെ നിന്‍റെ മകനെ ഈ സ്കൂളില്‍ ചേര്‍ക്കാന്‍ കഴിയുകയില്ല. അത്രതന്നെ! ഒരുപക്ഷെ നിന്‍റെ മകന്‍ ശരിക്ക് പഠിക്കാതെ പത്താം ക്ലാസില്‍ തോറ്റുപോയാല്‍ എന്‍റെ സ്കൂളിന്‍റെ പേരിനു ദോഷം വരികയില്ലേ ! അതുകൊണ്ട് നീ മകനെ വേറെതെങ്കിലും സ്കൂളില്‍ കൊണ്ടുപോയി ചേര്‍ത്തു കൊള്ളൂ.”

പ്രധാനാദ്ധ്യാപകന്‍റെ ഈ ഉറച്ച മറുപടി കേട്ടപ്പോള്‍ മകന് ഉയര്‍ന്ന നിലയിലുള്ള സ്കൂളില്‍ വിദ്യാഭ്യാസം നല്‍കണമെന്ന മുനിയന്‍റെയും എല്ലമമയുടെയും സ്വപ്നം തകര്‍ന്നുപോയി. അവര്‍ വളരെ ദു:ഖത്തോടെ ആ സ്കൂള്‍ വിട്ടു പോയി.

പക്ഷെ അതേ സമയത്ത് അവിടെ നടന്ന സംഭാഷണങ്ങളെല്ലാം ശ്രദ്ധിച്ചു കേട്ടുകൊണ്ടിരുന്ന അഞ്ചുവയസ്സ് മാത്രം പ്രായമായ മണിയുടെ ആ പിഞ്ചുഹൃദയത്തില്‍ ഒരു സ്വപ്നം രൂപമെടുത്തതിനെക്കുറിച്ച് ആ പ്രധാനാദ്ധ്യാപകനോ മാതാപിതാക്കളോ മനസ്സിലാക്കിയിരുന്നില്ല.

*********                                                                              **********                                                            **********

അങ്ങനെ പത്ത് വര്‍ഷങ്ങള്‍ ഉരുണ്ടു പോയി.

അന്ന്‍ പത്താം ക്ലാസിലെ പരീക്ഷാഫലം പുറത്തുവന്നു. സര്‍ക്കാര്‍ ഹൈസ്കൂളില്‍ പത്താം ക്ലാസ് പരീക്ഷയെഴുതിയ മണി എന്നൊരു വിദ്യാര്‍ത്ഥി ആ രാജ്യത്തു തന്നെ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയിരുന്നു. മുനിയനും എല്ലമ്മയും അന്നനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ ! ടീവിയില്‍ അവന്‍റെ അഭിമുഖ സംഭാഷണം പ്രക്ഷേപണം ചെയ്തുകൊണ്ടിരുന്നു. മണി അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞുകൊണ്ടിരുന്നു “എന്‍റെ മാതാപിതാക്കളും അദ്ധ്യാപകരുമാണ് ഈ പരീക്ഷയില്‍ എന്‍റെ ഈ വിജയത്തിന് പ്രധാനകാരണകര്‍ത്താക്കള്‍. അവര്‍ക്കാണ് ആദ്യമായി ഞാന്‍ നന്ദി പറയേണ്ടത്. ഇനി ഒരു വ്യക്തിയോടും കൂടി ഞാന്‍ എന്‍റെ കടപ്പാടു വ്യക്തമാക്കാനാഗ്രഹിക്കുന്നു. അത് ആ പ്രൈവറ്റ് സ്കൂളിന്‍റെ ഹെഡ്മാസ്റ്റര്‍ക്കാണ്. എന്‍റെ അച്ഛനമ്മമാര്‍ വിദ്യാഭ്യാസമില്ലാത്തവരായിരുന്നതുകൊണ്ട് അദ്ദേഹം എനിക്ക് ആ സ്കൂളില്‍ പ്രവേശനം നല്‍കിയില്ല. അതുകൊണ്ട് സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ച് രാജ്യത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

മാത്രമല്ല ഞാന്‍ പഠിക്കുന്നതോടൊപ്പം എന്‍റെ അച്ഛനും അമ്മയും എഴുത്തു മുതല്‍ തുടങ്ങി ക്രമമായി പത്താം ക്ലാസുവരെ പഠിക്കുകയുണ്ടായി. ഇതിനിടയില്‍ അവര്‍ക്കും എല്ലാ പരീക്ഷകളും എഴുതി പാസാകുവാനുള്ള സൗകര്യം ഞാന്‍ ഒരുക്കിക്കൊടുത്തുകൊണ്ടിരുന്നു. അവര്‍ക്ക് പത്താം ക്ലാസ് പരീക്ഷ പ്രൈവറ്റായി എഴുതുവാനുള്ള അനുവാദം വാങ്ങി. അങ്ങനെ അദ്ദേഹം കാരണം ഞാന്‍ സര്‍ക്കാര്‍ സ്കൂളില്‍ നിന്നും എന്‍റെ മാതാപിതാക്കള്‍ പ്രൈവറ്റായും പത്താം ക്ലാസ് പാസായി”. എന്നു പറഞ്ഞു

മണി പറഞ്ഞ കാര്യങ്ങളെല്ലാം ടി.വിയില്‍ കണ്ടും കേട്ടും കൊണ്ടുമിരുന്ന ആ പ്രശസ്ത പ്രൈവറ്റ് സ്കൂളിന്‍റെ പ്രധാനാദ്ധ്യാപകന്‍റെ മനസ്സ് തകര്‍ന്നുപോയി. അതിന് രണ്ടു കാരണങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന്‍ ഇത്രയും നല്ല വിദ്യാര്‍ത്ഥിക്ക് തന്‍റെ സ്കൂളില്‍ പ്രവേശനം നല്‍കാത്തതുകൊണ്ട്‌ രാജ്യത്തിലെ ഒന്നാം സമ്മാനം സ്കൂളിന് നഷ്ടപ്പെട്ടു. രണ്ടാമത് ആ പ്രശസ്ത സ്കൂളിലെ ഒരു വിദ്യാര്‍ത്ഥി ഈ വര്‍ഷത്തെ പത്താം ക്ലാസു പരീക്ഷയില്‍ തോറ്റിരുന്നു .

നന്ദി വിജയഭാരതം തമിഴ് വാരിക

തമിഴില്‍  ശ്രീ കേ.പി. പദ്മനാഭന്‍

വിവര്‍ത്തനം ഡാ. എച്ച് പരമേശ്വരന്‍

തിരുവനന്തപുരം

 

 

 

 

 

 

 

 

 

 

എമൺസിന്റെ ഗുഹ

പദ്മശ്രീ വിഷ്ണുനാരായണൻ നമ്പൂതിരി

അമേരിക്കയിൽ ഒന്നരമാസം ചുറ്റിനടന്നിട്ട് എന്തുകിട്ടി? സുഹ്രുത്തുക്കൾ ചോദിച്ചു. എനിക്ക് അവരോട് മറുപടിപറയാനുണ്ടയിരുന്നത് വൈലോപ്പിള്ളിമാഷ്ന്റെ   ശൈലിയിലായിരുന്നു. ചിലമുന്തിയ സന്ദർഭങ്ങൾ; അല്ല, മാത്രകൾ മാത്രം! മർത്ത്യായുസ്സിൽ സാരമായത് അവ മാത്രമാണെന്നും മാസ്റ്റർതന്നെ പറഞ്ഞുതന്നിട്ടുണ്ടല്ലൊ. അത്തരം ഒരു മാത്രയെപ്ഹ്യ്റ്റി ഇതെഴുതുന്നു.

1992 ജൂൺ മധ്യത്തിൽ, ടൈലറിലെ എം.എസ്.ടി. ചേട്ടൻറെ വസതിയിൽവെച്ച് ഒരു സായാഹ്നത്തിൽ ഒരു സുഹ്രുത്സംഗമം നടന്നു. വന്നുചേർന്ന മിക്കവരും നാട്ടുകാരായിരുന്നു. നാട്ടിൽനിന്നെത്തിയ എന്നെ മധുരവാക്കുകൾ കൊണ്ട് അവർ മനം നിറയെ സത്കരിച്ചു. എന്നാൽ കൂട്ടത്തിലൊരാൾ – സായിപ്- തെല്ല് നിശ്ശബ്ദനായി എന്നെ നിരീക്ഷിച്ചത് ഞാൻ ശ്രദ്ധിച്ചു. അദ്ദേഹം കവിയാണ്, എമൺസ് എന്നാണ് പേര്. കളിക്കളത്തിൽ വെച്ചുള്ള ചങ്ങാത്തമാണ് എന്നെല്ലം എം.സി.ടി. ചേട്ടൻ എനിക്ക് പരിചയപ്പെടുത്തിത്തന്നു. അദ്ദേഹത്തിന്റെ  അമേരിക്കൻ ഉച്ചാരണവും എന്റെ ഇന്ത്യൻ ഇംഗ്ലീഷും കൂടിച്ചേർന്നപ്പോൾ ആശയവിനിമയം ഇത്തിരി കുഴങ്ങിയെന്നും ഓർക്കുന്നു. We are separated by the same language (ഒരേ ഭാഷ സംസാരിച്ചതുകൊണ്ടുമാത്രം അകന്നുപോയവരാണ് നമ്മൾ) എന്ന് പണ്ട് ബർണാഡ്ഷാ ഒരമേരിക്കനോട് പറഞ്ഞത് എനിക്കും എമൺസിനും ബാധകമായെന്നു തോന്നുന്നു. ഏന്നിട്ടും ആ മനുഷ്യൻ തനിക്കു  പ്രീയപ്പെട്ട കാര്യങ്ങളേപ്പറ്റി ചെറുചെറു വാക്യങ്ങളിൽ സംഭാഷണം ചെയ്തു. ആയിടയ്ക്ക് ഹൂസ്ററണിലെ നാസ സന്ദർശിച്ചിട്ട് ഞനെഴുതിയ ചെറിയ ഒരു ഇംഗ്ലീഷ് ലേഖനം അദ്ദേഹം കാണുവാനിടയായി. അതിൽ ഞാൻ ബഹിരാകശത്തെ ജയിക്കുന്നതിനേക്കാൾ മനുഷ്യനു പ്രധാനം അവന്റെ ഉള്ളിലുള്ള ആകാശത്തെ കീഴടക്കുന്നതാണ് എന്നു പറഞ്ഞിരുന്നു. Inner space എന്ന ആ വാചകം എമൺസിനെ ശരിക്കും സ്പർശിച്ചുവെന്നു തോന്നുന്നു. ആൽമീയതയിലേക്കും  പ്രാചീനസംസ്കാരങ്ങളിലേക്കും വെദാന്തദർശനത്തിലേക്കും ഒക്കെ ഞങ്ങളുടെ സംസാരം പടർന്നു ചെന്നു. പോടുന്നനേ അദ്ദേഹം എഴുനേറ്റു പറഞ്ഞു: എന്റെ കൂടെ വരുന്നോ? പുറത്തേക്കു പോകാം.

  • ഏവിടേക്ക്?
  • എന്റെ വീട്ടിലേക്ക്. ഗുഹ.(Cave) എന്നാണ് എന്റെ വീട്ടുപേര്. ഉടൻ ഞാൻ മടക്കിക്കൊണ്ടാ‍ക്കാം. താങ്കളെ പലതും കാട്ടിത്തരണമെന്ന് എനിക്കു തോന്നുന്നു.

നേരം പാതിരാവോടടുത്തു. ആതിധേയനായ എം.എസ്.ടി. ചേട്ടനോട് അനുമതി    വാങ്ങിയിട്ട് ഞാൻ സത്കാരസദസ്സിൽനിന്നിറങ്ങി. എമൺസിന്റെ കാറിൽ യാത്ര തിരിച്ചു. പത്തുപതിനഞ്ച് മിനിട്ടു ചെന്നപ്പോൾ ശരിക്കും ഒരു കാടിന്റെയുള്ളിൽ ഞങ്ങൾ വണ്ടിയിറങ്ങി. ചീവീടിന്റെ ശബ്ദം മാത്രം കേൾക്കാം. അവിടെ മരപ്പലകകൾകൊണ്ട് പണിത എമൺസിന്റെ ‘ഗുഹ’യിലേക്ക് ഞങ്ങൾ പ്രവേശിച്ചു.

ആകത്തുകടന്നപ്പോൾ, പക്ഷെ, ഏത് ആധുനികസൌകര്യവും കാഴ്ചവെക്കുന്ന ഒരു സാധാരണ വീടാണതെന്നു മനസ്സിലായി. എന്നുവെച്ചാൽ, ഇന്ത്യന്മട്ടിൽ സാധാരണ വീട്. (അമേരിക്കയിലെ സാധാരണം നമ്മുടെ ശരാശരി സാധാരണത്തെക്കാൾ എത്രയോ മീതെയാണ്?) എമൺസിന്റെ ഭാര്യയും കുട്ടികളും ദൂരേ ജോലിസ്തലത്താണ്. മൂപ്പർ ഇവിടെ ആണ്ടിൽ കുറേ മാസം ഒററയ്ക്കുവന്നു പാർക്കുന്നു.

  • ഒററയ്ക്ക് എന്ത് ചെയ്യുന്നു?

മറുപടിയായി അദ്ദേഹം എന്നെ ഓരൊ മുറിയിലേക്കും കൊണ്ടുനടന്നു. ഒന്നാന്തരം ഒരു ഗ്രന്ഥപ്പുരയുടെ ഭാഗങ്ങളാണ് അവിടത്തെ ഒരോ മുറിയും. ഗാന്ധിയും വിവേകാനന്ദനും ജ്ദ്ദു ക്രിഷ്ണമൂർത്തിയും ഒക്കെ ഷെൽഫുകളിൽ ഇരുന്ന് സല്ലപിക്കുന്നു. താഴെ വിരിപ്പുകളും ഇരിപ്പിടങ്ങളും ഒരു പ്രത്യേക മട്ടിൽ കണ്ടപ്പോൾ അദ്ദേഹം വിവരിച്ചുതന്നു: തനിക്കു യോഗാസനവും പ്രാണയാമവും ധ്യാനവും ശീലമാണ്.

പുതിയ സങ്കേതികവിദ്യകൾവഴി സാധനസാമഗ്രികളും ഭോഗവും സുഖോപാധികളും വർധിപ്പിച്ചു വർധിപ്പിച്ച് ഭൂമുഖത്തെ മലിനമാക്കുകയും ജീവിതം ജീവിക്കാൻ കൊള്ളാത്തതാക്കിത്തീർക്കുകയും ചെയ്യുന്ന ആധുനിക മനുഷ്യൻ ഇനി സ്വന്തം ഉൺമയിലേക്ക് ശ്രദ്ധതിരിക്കാൻ സമയമായി; അല്ലാത്തപക്ഷം സർവനാശത്തിലേക്കാവും അവന്റെ പോക്ക് – എന്നാണ് എമൺസിന്റെ വിശ്വാസം. ‘എന്റെ ഹ്രുദയാകാശ’ സൂചന അദ്ദേഹത്തിന് അത്രമേൽ രുചിച്ചത് എന്തുകൊണ്ടാണെന്ന് അവിടെയിരുന്നപ്പോൾ എനിക്ക് തികച്ചും മനസ്സിലായി.

പിന്നീട് അദ്ദേഹം എന്നേ ഇടനാഴിയിലേക്കു ക്ഷണിച്ചു. അവിടെ സൂക്ഷിച്ചിരിക്കുന്നത് ചില വിചിത്രവസ്തുക്കളത്രെ. തപ്പും തകിലും മുറിച്ചെണ്ടയും പോലുള്ള വാദ്യോപകരണങ്ങൾ, മണിപോലുള്ള പൂജാപാത്രങ്ങൾ, ദർഭപോലുള്ള Sweet grass പിരിച്ചു നിർമിച്ച ചില രൂപങ്ങൾ……. എന്താണിവ? എമൺസ് പറഞ്ഞു, പഴയ റെഡ് ഇന്ത്യൻ ഗോത്രവർഗക്കാരുടെ ആരധനാരീതികളെപ്പറ്റി താൻ നടത്തുന്ന ഗവേഷണത്തിന്റെ സാക്ഷ്യങ്ങളാണ് അതെല്ലാം. സൂര്യനെ ആരാധിച്ചിരുന്നവർ, പായലു തിന്നു കഴിഞ്ഞിരുന്നവർ, ന്രത്തസംഗീതാദികളിൽ പടവം നേടിയിരുന്നവർ, സർവോപരി ചരാചരപ്രക്രിതിയോട് വേഴ്ചയിലും സഹവർത്തിത്വത്തിലും ജീവിക്കാൻ വേണ്ട വിവേകം ആർജിച്ചിരുന്നവർ – അങ്ങിനെ ഒരു വർഗ്ഗം ഇന്നത്തെ ഭോഗഭൂമിയായ അമേരിക്കയിൽ ആദിജനതയായിട്ടുണ്ടായിരുന്നു. വെള്ളക്കാരൻ അവരെ കൊന്നൊടുക്കിയും മതം മാറ്റിയും ലഹരി ശീലിപ്പിച്ചും നാമാവശേഷമാക്കി. Black Elk Speaks, Bury my heart at the wounded knee തുടങ്ങി ഞാൻ വായിച്ച ചില പുസ്തകങ്ങളിൽനിന്ന് സജീവമായ പല ജീവിതരംഗങ്ങളും എന്റെ മനസ്സിലേക്ക് ഉണർന്നുവന്നു. അണവസംഹാരത്തിന്റെ മുന്നിൽനിന്ന് വിറകൊള്ളുന്ന വെളുത്ത വർഗം ഇതാ, ഇന്ന്, അപരിഷ്ക്രിതരെതന്ന് കരുതി തങ്ങൾ നശിപ്പിച്ച ആ കറുത്ത ദേവന്മാരുടെ സംസ്കാരവും ജീവിതശൈലിയും ആൽമീയതയും തേടിയിറങ്ങിയിരിക്കുന്നു, നിലനില്പിനുള്ള ഉപായം എന്ന നിലയ്ക്ക്! ആ സംസ്കാരം കുറ്റിയറ്റു പോയിരിക്കുന്നു. എങ്കിലും ഗവേഷണം ചെയ്ത് അതിനേ വീണ്ടെടുത്തേ പറ്റൂ.

എമൺസിന്റെ കാറിൽ മടങ്ങുമ്പോൾ ഞാൻ ഓർത്തുപോയി. പതിനായിരത്താണ്ടുകളായി എന്റെ ഭാരതത്തിൽ കുറ്റിയറ്റു പോകാതെ ഒരു മഹാസംസ്കാരം നിലനിൽക്കുന്നു. ലോകം കണ്ട ഏറ്റവും  മഹത്തായ നാഗരികതകൾ ഒന്നൊന്നായി ഗ്രീസിലും ഈജിപ്തിലും അയർലണ്ടിലുമൊക്കെ കെട്ടടങ്ങിക്കൊണ്ടിരുന്നപ്പോൾ ഇന്ത്യയിൽ മാത്രം വെളിച്ചമണയാൻ സമ്മതിക്കാതെ അതിനെ നാം ആചരണംകൊണ്ട് പോറ്റിപ്പോന്നു. വേദം ഇന്നും വായ്മൊഴിയാൽ നിലനിർത്തുന്ന മനുഷ്യൻ ഇന്തയിലുണ്ട്. ഇന്ത്യയുടെ സ്വന്തം കലണ്ടറിൽ ഇത് കലിവർഷം 5093 ആണല്ലൊ! പടിഞ്ഞാറൻ മോഡലിൽ അതിവേഗം ‘വികസനം’ പ്രാപിച്ചുകൊണ്ടിരിക്കുന്ന എന്റെ രാജ്യത്തും നാളെയൊരിക്കൽ ഇതേവിധം സ്വന്തം സംസ്കാരത്തെ ഗവേഷണം ചെയ്ത് കണ്ടെത്തേണ്ട ഗതികേട് വന്നുചേരുമോ? അതിന് ഇടവന്നാൽപ്പിന്നെ എന്റെ തുച്ചജീവിതംകൊണ്ട് എന്ത് പ്രയോജനം? കുറേ കവിതയും അവാർഡും ദേശാന്തരപര്യടനവും കൊണ്ട് ഞാൻ ക്രിതക്രിത്യനായി ചമയണമോ? അതോ എന്നെ പെററ സംസ്കാരത്തിനുവേണ്ടി യഥാശക്തി എന്റെ ശിഷ്ടായുസ്സ് ഞാൻ സമർപ്പിക്കണമോ?

എം.എസ്.ട്. ചേട്ടന്റെ വീട്ടിൽ കാറിറങ്ങിയപ്പോൾ ഞാൻ ഉറച്ചൊരു തീരുമാനത്തിലെത്തിയിരുന്നു. ( ഈ ലേഖനം എഴുതിയത് ഏപ്രിൽ 1996 – ൽ)

To read the essay in English translation: http://www.akshra.org/the-cave-of-emerson/

AKSHRA
error: Content is protected !!